Skip to main content

നാശനഷ്ടങ്ങള്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിലയിരുത്തും: കളക്ടര്‍

 

പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് റീബില്‍ഡ് കേരള എന്ന പേരില്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പരമാവധി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാശനഷ്ടം വിലയിരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വീടുകളുടെ നാശനഷ്ടം 15 മുതല്‍ 75 ശതമാനവും അതിനു മുകളിലും വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് വിലയിരുത്തുന്നതിനും ഇതനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനമാണ് തുടങ്ങിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനം നടക്കുക. ഡിജിറ്റലായി ഫോട്ടോ അടക്കം എടുത്ത് മൊബൈല്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള വിവരശേഖരണമാണ് ഉദ്ദേശിക്കുന്നത്. നാശനഷ്ടം സംഭവിച്ചിട്ടുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇതുമായി ബന്ധപ്പെട്ട സേവനം ചെയ്യുന്നതിന് പരമാവധി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. 

ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്ലോഡ് ചെയ്യാം. 

ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണനഷ്ടമായി കണക്കാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും.                  (പിഎന്‍പി 2697/18)

date