Skip to main content
ശാസ്ത്രസമേതം; ക്യാമ്പ് തുടങ്ങി 

ശാസ്ത്രസമേതം; ക്യാമ്പ് തുടങ്ങി 

പച്ചവെള്ളം തീപിടിക്കുമോ? ശാസ്ത്രസമേതം ദ്വിദിനക്യാമ്പിലെ കുട്ടികളുടെ ചോദ്യമാണിത്. പച്ചവെള്ളം കത്തിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും ഉജ്വലബാല്യം ജേതാവായ കെ.ആര്‍. അഭിനവും ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പച്ചവെള്ളം പോലെ തോന്നുമെങ്കിലും അതില്‍ സുതാര്യമായ നെയില്‍ പോളിഷ് കൂടി ചേര്‍ത്ത ലായനിയിലാണ് രണ്ടുപേരും ചേര്‍ന്ന് തീ പകര്‍ന്നത്. പരീക്ഷണത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് പട്ടിക്കാട് ഗവ. സ്‌കൂളിലെ ആശ ടീച്ചര്‍ വിവരിച്ചപ്പോഴാണ് കുട്ടികളുടെ കൗതുകം ഏറിയത്.

ജില്ലാതല ജ്യോതിശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടിയായ 'ശാസ്ത്ര സമേതം' ദ്വിദിന ശാസ്ത്ര ക്യാമ്പ് രണ്ടു ദിവസങ്ങളിലായി ശാസ്ത്ര വിദ്യാഭ്യാസ കേന്ദ്രമായ വിജ്ഞാന്‍ സാഗറിലും കിലയിലുമായാണ് നടക്കുന്നത്. 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷാജിമോന്‍, മുന്‍ ഉപഡയരക്ടര്‍ ടി.വി. മദനമോഹനന്‍, തൃശൂര്‍ ഈസ്റ്റ് എഇഒ എം.ബി ബാലകൃഷ്ണന്‍, സമേതം അസി. കോര്‍ഡിനേറ്റര്‍ വി. മനോജ്, ഡോ. ടി.വി. വിമല്‍കുമാര്‍, പി.എസ്. ഷൈജു, കെ.സി. ശ്രീവത്സന്‍, സി.ടി. അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അനില്‍ പരയ്ക്കാട്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ ക്ലാസ്സെടുത്തു. രാത്രിയില്‍ പി.ഡി. പൗലോസ് നയിച്ച ശാസ്ത്രഗാനമേളയും തുടര്‍ന്ന് നക്ഷത്രനിരീക്ഷണവും സംഘടിപ്പിച്ചു. എ. ശ്രീധരന്‍, എം.വി. മധു എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് ഇന്നും തുടരും.

date