ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്ത്; അന്തിക്കാട് ബ്ലോക്കിലെ ഭിന്നശേഷിക്കാര്‍ക്ക് സംരക്ഷകരായി
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള തീവ്ര ഭിന്നശേഷി വൈകല്യമുള്ളവര്‍ക്ക് സംരക്ഷകരെ ഒരുക്കി നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അദാലത്ത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നൂറ് ശതമാനം ഭിന്നശേഷികാര്‍ക്കും സംരക്ഷകരെ ഒരുക്കുന്നതോടെ ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ ബ്ലോക്കാകും അന്തിക്കാട്.
നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയിലുള്ള ഇന്റലക്ച്ച്വല്‍ ഡിസബിലിറ്റി, ഓട്ടിസം, സെറിബല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കാണ് ഗാര്‍ഡിയന്‍ഷിപ്പ് അദാലത്തിലൂടെ സംരക്ഷകരെ ഒരുക്കുന്നത്. ചാഴൂര്‍, മണലൂര്‍, അരിമ്പൂര്‍, താന്ന്യം, അന്തിക്കാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 206 പേര്‍ക്ക് അദാലത്തിലൂടെ സംരക്ഷകരായി.
ഇതോടെ അന്തിക്കാട് ബ്ലോക്ക് പരിധിയിലെ 70 ശതമാനം ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ സംരക്ഷകരെ ഒരുക്കി. ബാക്കിയുള്ളവരെ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ സംഘടിപ്പിച്ച് കണ്ടെത്തും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും പുതുക്കേണ്ടവരുമായവരെ കണ്ടെത്തി അവസാന ഘട്ട അദാലത്തിലൂടെ മാത്രമാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനെ നൂറ് ശതമാനത്തിലേക്ക് എത്തിക്കാനാകൂ.
അന്തിക്കാട് ശ്രീ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് സുജിത്, ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ ശാന്ത മേനോന്‍, സതി പ്രേമചന്ദ്രന്‍, എസ്ആര്‍ഒ ശിവകുമാര്‍, പരിവാര്‍ സംഘടന ഭാരവാഹികള്‍, ഭരതന്‍ കല്ലാറ്റ്, സന്തോഷ്, സിഡിപിഒ രഞ്ജിനി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments