Skip to main content
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനവും സദ്ഭരണ പഞ്ചായത്തുകളുടെ പ്രഖ്യാപനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പത്തനംതിട്ടയില്‍ നിര്‍വഹിക്കുന്നു.

ജില്ലയിലെ 17 സദ്ഭരണ പഞ്ചായത്തുകളെ പ്രഖ്യാപിച്ചു തദ്ദേശസ്ഥാപനങ്ങള്‍ ഡിസംബറില്‍ എഴുപത് ശതമാനം പദ്ധതി  പുരോഗതി കൈവരിക്കണം: മന്ത്രി കെ ടി ജലീല്‍ 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിസംബര്‍ മാസത്തില്‍ എഴുപത് ശതമാനം പദ്ധതി പുരോഗതി കൈവരിക്കണമെന്ന്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പുരോഗതി അവലോകനവും സദ്ഭരണ പഞ്ചായത്തുകളുടെ പ്രഖ്യാപനവും പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
    മുന്‍ കാലങ്ങളില്‍  മാര്‍ച്ച് മാസത്തില്‍ തിരക്കു പിടിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തീകരിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും തുടര്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയത്. ഇത് ചരിത്രപരമായ തീരുമാനമായിരുന്നു എന്നാണ് നിലവിലെ പ്രവര്‍ത്തന പുരോഗതി പരിശോധിക്കുമ്പോള്‍ മനസിലാവുന്നത്. ജനോപകാരപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ഭൗതിക സാഹചര്യങ്ങളുടെ കുറവ്, ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങി എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്.     
    പട്ടികവിഭാഗക്കാരുടെ എസ് സി പി, ടി എസ് പി ഫണ്ടുകളുടെ വിനിയോഗം കാര്യക്ഷമമായി നടപ്പിലാക്കാന്‍ എല്ലാപഞ്ചായത്ത് സെക്രട്ടറിമാരും മുന്‍കൈയെടുക്കണം. ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാതക ശ്മശാനം, പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റുകള്‍, തെരുവ് നായ്ക്കളുടെ വന്ധ്യംകരണ യൂണിറ്റുകള്‍ തുടങ്ങി ഏറെ നവീനവും ഉപകാരപ്രദവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരും കൈകോര്‍ക്കണം. ജനുവരിയില്‍ കേരളം അഗതി രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ പദ്ധതികളോട് പ്രതിബദ്ധതയുള്ള സമീപനമായിരിക്കണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.     
    മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മലയാലപ്പുഴ, ഇരവിപേരൂര്‍, കോയിപ്രം, തുമ്പമണ്‍, സീതത്തോട്, മൈലപ്ര, ഓമല്ലൂര്‍, ചെന്നീര്‍ക്കര, വള്ളിക്കോട്, ആനിക്കാട്, വെച്ചൂച്ചിറ, കല്ലൂപ്പാറ, പെരിങ്ങര, തോട്ടുപുഴശേരി, മെഴുവേലി, ആറډുള, ചിറ്റാര്‍ തുടങ്ങി 17 പഞ്ചായത്തുകളെ സദ്ഭരണ പഞ്ചായത്തുകളായി മന്ത്രി പ്രഖ്യാപിച്ചു. കൂടാതെ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഭരണ സമിതി യോഗ നടപടിക്രമങ്ങള്‍ സകര്‍മ സോഫ്റ്റ് വെയര്‍ മുഖേന നടപ്പിലാക്കിയതിന്‍റെയും കെട്ടിട നിര്‍മാണ പെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയറിലൂടെ നടപ്പിലാക്കിയതിന്‍റെയും പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു.  ജില്ലാ കളക് ടര്‍ ആര്‍ ഗിരിജ, പഞ്ചായത്ത് ഡയറക് ടര്‍ പി. മേരിക്കുട്ടി, ഗ്രാമവികസന കമ്മീഷണര്‍ കെ. രാമചന്ദ്രന്‍, നഗരകാര്യ ഡയറക്ടര്‍ ഹരിത വി. കുമാര്‍, അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍ വി.എസ്. സന്തോഷ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സി.പി സുനില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
    സര്‍ക്കാര്‍ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇ ഗവേണന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്പ്പന ചെയ്ത സഞ്ചയ സോഫ്റ്റ്വെയര്‍ മുഖേന ഭൂ നികുതിക്ക് ഇ-.പെയ്മെന്‍റ് ഏര്‍പ്പെടുത്തുകയും സകര്‍മ സോഫ്റ്റ്വെയര്‍  ഉപയോഗിച്ച് പഞ്ചായത്ത് നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും സങ്കേതം സോഫ്റ്റ്വെയര്‍മുഖേന കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ജനന-മരണ, വിവാഹ രജിസ്ട്രേഷനും സര്‍ട്ടിഫിക്കറ്റും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കൂടാതെ കെട്ടിട ഉടമസ്ഥ അവകാശ സാക്ഷ്യപത്രങ്ങള്‍ നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാണ്. (പിഎന്‍പി 3145/17) 

date