പെരുമ്പുഴക്കടവിലെ മുട്ട്; കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമൊരുങ്ങുന്നു
കോട്ടയം: പെരുമ്പുഴക്കടവിലെ മുട്ട് കാരണം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ നെൽകർഷകർ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുന്നു. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമായ പെരുമ്പുഴക്കടവ് പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾക്കുളള മുന്നൊരുക്കം തുടങ്ങിയെന്നും ചങ്ങനാശേരി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജോബ് മൈക്കിൾ എം.എൽ.എ. അറിയിച്ചു.
പാടശേഖരങ്ങൾക്കുള്ള ഓപ്പറേഷണൽ സപ്പോർട്ട് ഘടകത്തിൽ ഉൾപ്പെടുത്തി പായിപ്പാട് കൃഷി ഭവന് അനുവദിച്ചിട്ടുള്ള 1.50 ലക്ഷം രൂപ ഉപയോഗിച്ച് പെരുമ്പുഴക്കടവ്, നക്ര പുതുവൽ ഭാഗങ്ങളിലെ പോളയും ചെളിയും മാറ്റി വെള്ളം ഒഴുക്കുന്നത് സുഗമമാക്കി ഈ വർഷത്തെ വിത എത്രയും പെട്ടെന്ന് നടത്തുന്നതിനും എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗം നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് 2023-24 പദ്ധതിയിൽ തോട് വൃത്തിയാക്കുന്നതിന് 10 ലക്ഷം രൂപയ്ക്കുള്ള പായിപ്പാട് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. യോഗത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ പി.പി. ശോഭ, വേണുഗോപാൽ,മേജർ ഇറിഗേഷൻ എൻജിനീയർ ജോജു, പൂവം തൊള്ളായിരം ഈസ്റ്റ് പാടശേഖര സെക്രട്ടറി കുര്യൻ ജോബ്, വിവിധ പാടശേഖര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments