സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആദരവ് ലഭിക്കണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍
സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്നും സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് ആദരവ് ലഭിക്കേണ്ടതുണ്ടെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കണം. ഇതിനാവശ്യമായ നടപടി സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ എല്ലാ പിന്തുണയുമുണ്ട്. സ്ത്രീകള്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികള്‍ക്ക് നേരേയുള്ള അക്രമങ്ങളെയും തടയണം. ബ്‌ളൂവെയില്‍ ഗെയിം കളിച്ച് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയാണിന്ന്. ഇവിടെ കുട്ടികള്‍ വഞ്ചിക്കപ്പെടുകയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെ സമൂഹത്തില്‍ പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. ഇവയെല്ലാം എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. മാനസികമായ ഒറ്റപ്പെടലുകളില്‍ നിന്ന് മുതിര്‍ന്ന വ്യക്തികളെ മോചിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സംസ്ഥാനത്തെ പകല്‍വീടുകളെ മാറ്റേണ്ടതുണ്ട്. കേരളത്തില്‍ വിവിധയിടങ്ങളിലായി 70 പകല്‍വീടുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തിവരുന്നു. ഭക്ഷണം നല്‍കുന്നതിനൊപ്പം വിനോദോപാധികളും വായാനാമുറിയും കിടന്ന് വിശ്രമിക്കുന്നതിന് സൗകര്യവുമൊക്കെയുള്ള പകല്‍വീടുകളാണ് വേണ്ടത്. 60 വയസ് കഴിഞ്ഞവര്‍ക്കായി സായംപ്രഭ എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ടി. വി. അനുപമ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയി മാത്യു, വയോജന സംസ്ഥാന കൗണ്‍സില്‍ അംഗം അമരവിള രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.3631/17
- Log in to post comments