Skip to main content

ലോക ഭിന്നശേഷി ദിനം : ഒരു മാസത്തെ പരിപാടികളുമായി എസ്എസ്കെ

 

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സ്കൂൾ - ബി.ആർ.സി. - ജില്ലാതലങ്ങളിൽ  നടക്കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം അറിയിച്ചു.

 ഉദ്ഘാടന ദിവസമായ ഡിസംബർ ഒന്നിന് സാമൂഹ്യ ബോധവത്കരണം ലക്ഷ്യമാക്കി സകൂൾതലത്തിൽ വിളംബരജാഥ നടക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ, എൻ.എസ്.എസ്., എൻ.സി.സി., ജെ.ആർ.സി., എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വിളംബര ജാഥകൾ നടക്കുക.

“വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്' എന്നതാണ് ഈ വർഷത്തെ ലോകഭിന്നശേഷി ദിന സന്ദേശം, ഡിസംബർ മൂന്നിന് എസ്.എസ്.കെ. തയ്യാറാക്കി നൽകുന്ന ഭിന്നശേഷി ദിന പ്രമേയ പോസ്റ്റർ സ്റ്റാറ്റസ് ആക്കിക്കൊണ്ട് ഭിന്നശേഷി സൗഹൃദ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കും. ഡിസംബർ 4ന് സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലിയും ബിഗ് ക്യാൻവാസിൽ ചിത്രരചനയും നടക്കും. ഡിസംബർ എട്ടിന് ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഡിജിറ്റലായും, യു.പി. വിഭാഗം കുട്ടികൾക്ക് ചാർട്ട് പേപ്പറിലും, പോസ്റ്റർ നിർമ്മാണം, എൽ.പി. വിഭാഗത്തിൽ കളറിംഗ് മത്സരം എന്നിവ നടക്കും.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹിക ഉൾച്ചേരൽ ലക്ഷ്യമാക്കി സായാഹ്ന ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേ ഷനുകൾ, സാംസ്കാരിക സംഘടനകൾ, വാർഡ്തല സമിതികൾ മുതലായവ കേന്ദ്രീകരിച്ചാണ് സദസ്സുകൾ സംഘടിപ്പിക്കുക. ഹയർസെക്കണ്ടറി കുട്ടികൾക്കായി ഷോർട്ട് ഫിലിം തിരക്കഥാരചന, സ്കൂൾതല ഫിലിം ഫെസ്റ്റിവൽ എന്നിവ ഉണ്ടാകും. ഡിസംബർ 27ന് ബി.ആർ.സിതലത്തിൽ ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികൾ, അവരുടെ രക്ഷിതാക്കൾ എന്നിവരുടെ സ്നേഹസംഗമവും നടക്കും. കലാപരിപാടികളുമുണ്ടാകും.

ഭിന്നശേഷി മാസാചരണത്തിന്റെ ജില്ലാതല സമാപന പരിപാടി ഫറോക്കിൽ നടക്കും. ഡിസംബർ 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, ഭിന്നശേഷി മേഖലയിൽ നിന്ന് ഉന്നത പദവിയിലെത്തിയവർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.

ഭിന്നശേഷി കുട്ടികൾക്കാവശ്യമായ കണ്ണട, ശ്രവണ സഹായി, മറ്റ് സഹായക ഉപകര ണങ്ങൾ എന്നിവയുടെ വിതരണവും ഡിസംബർ 30നകം പൂർത്തിയാക്കും. സ്കൂളിൽ വന്നു പോകാനുള്ള ട്രാൻസ്പോർട്ട് അലവൻസ്, എസ്കോർട്ട് അലവൻസ് എന്നീ ഇനങ്ങളിലായി 77 ലക്ഷം രൂപയും ഉപകരണവിതരണത്തിനായി 73 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. റീഡർ അലവൻസ്, വിവിധ തെറാപ്പികൾ, ഓട്ടിസം സെന്ററുകളുടെ പ്രവർത്തനം, ഗൃഹാധിഷ്ഠിത വിദ്യാ ഭ്യാസം മുതലായവയ്ക്കായി ഭിന്നശേഷി മേഖലയിൽ നടപ്പുവർഷം 10 കോടിയോളം രൂപ വക യിരുത്തിയിട്ടുള്ളതായി ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അറിയിച്ചു.

date