Skip to main content

ലോക ഭിന്നശേഷി ദിനാചരണം

ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ 15 ബി.ആര്‍ .സി കളിലെയും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി  വിവിധങ്ങളായ പരിപാടികളാണ് ഭിന്നശേഷി മാസാചാരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.  ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലും ദീപശിഖാ പ്രയാണത്തോടെ തുടങ്ങുന്ന  പരിപാടികളില്‍ വിളംബരജാഥ, ബിഗ് ക്യാന്‍വാസ്, പ്രച്ഛന്ന വേഷമത്സരം, കലാ പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജില്ലാ പ്രോജക്ടിന് കീഴില്‍ എണ്ണായിരത്തി ഇരുന്നൂറോളം കുട്ടികള്‍ 
വരും ദിവസങ്ങളില്‍ വിവിധ പ്രകടനങ്ങളോടെ അവരുടെ കഴിവുകള്‍ ആഘോഷിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പരിപാടികളില്‍  കുട്ടികളെ സജ്ജരാക്കുവാനായി സമഗ്ര ശിക്ഷ കേരളയുടെ മുന്നൂറോളം റിസോഴ്‌സ് അധ്യാപകരും, ബി.ആര്‍.സി പ്രതിനിധികളും  രക്ഷിതാക്കളുമാണ് കൈ മെയ്യ് മറന്ന്‌ സജ്ജരായിരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ഒരു മനസ്സാേടെ അണിനിരന്ന് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന കുഞ്ഞുങ്ങളെ പരിമിതികളില്ലാത്ത ലോകത്തേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നു.   ജില്ലയില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ച് ലോക ഭിന്നശേഷി ദിനാചരണം  നടത്തുന്നുവെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിനോയ് കെ ജോസഫ്, പ്രോഗ്രാം ഓഫീസര്‍ ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

date