ശ്രദ്ധേയമായി മുട്ടും വിളിയും കലാരൂപം
പൊന്നരിവാളും ചുറ്റിക നക്ഷത്രം, ഇതാ നോക്കൂ അമ്പിളി പോലെ വിരിഞ്ഞല്ലോ.... എന്ന് തുടങ്ങുന്ന വരികളാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചേലക്കര നവകേരള സദസ്സിൽ വരവേറ്റത്. പരമ്പരാഗത മുസ്ലിം കലാരൂപമായ മുട്ടും വിളിയും എന്ന കലാരൂപം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായി.
വടക്കാഞ്ചേരി സ്വദേശിയായ മുഹമ്മദ് ഹുസൈൻ ഉസ്താദ് ആണ് ഇത് തയ്യാറാക്കിയത്. കേരളത്തിൽ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മുസ്ലിം കലയാണ് മുട്ടും വിളിയും. കല്യാണത്തിന് മണവാളനെ വരവേൽക്കുന്നതിനും ഉത്സവം, കൊടിയേറ്റം എന്നിവയിലും മറ്റു പ്രധാന ആളുകളെ വരവേൽക്കുന്ന സന്ദർഭങ്ങളിലുമാണ് പ്രധാനമായും മുട്ടും വിളിയും അവതരിപ്പിക്കുന്നത്.
വാദ്യോപകരണങ്ങൾ ഉപയോഗിച്ച് മാപ്പിളപ്പാട്ട് പാടിയാണ് ഈ കലാരൂപം അരങ്ങേറുന്നത്. ഷഹ്‌നായ്, ചെറിയ ചെണ്ട, ഡോൾ,വലിയ ചെണ്ട എന്നിങ്ങനെയുള്ള അഞ്ചു ഉപകരണങ്ങൾ ഉപയോഗിച്ചാണ് മുട്ടും വിളിയും കൊട്ടിപ്പാടുന്നത്. മാപ്പിള പാട്ട് കലാകാരനായ മുഹമ്മദ് ഹുസൈൻ ഉസ്താദിന്റെ പേരക്കുട്ടികൾ ആയ പ്ലസ് വൺ വിദ്യാർത്ഥിയായ അൽസാം, ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹയാസ്, സുഹൃത്ത് കൂടിയായ സിദ്ദിഖ് എന്നിവരാണ് വാദ്യോപകരണങ്ങൾ വായിച്ചത്.
- Log in to post comments