Skip to main content
ജനങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിന്റെ ഭാവി ഭദ്രം -മുഖ്യമന്ത്രി

ജനങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിന്റെ ഭാവി ഭദ്രം -മുഖ്യമന്ത്രി

ജനങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ കേരളത്തിന്റെ ഭാവിഭദ്രമാണെന്ന സന്ദേശമാണ് നവകേരള സദസ്സിന്റെ ഓരോ വേദിയിലും ഒഴുകിയെത്തുന്ന ജനാവലി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് വൻ ജനാവലിയെ സാക്ഷിയാക്കി ചാവക്കാട് ബസ് സ്റ്റാൻഡ് കൂട്ടുങ്ങൽ ചത്വരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പ്രദേശത്തിന്റെയും ചരിത്രത്തെ തിരുത്തുന്ന മഹാസംഗമങ്ങളാണ് നടക്കുന്നത്. നവ കേരള സദസ്സിനായി ഒഴുകിയെത്തുന്ന ജനങ്ങളെ ഉൾക്കൊള്ളാവുന്ന വലിയ മൈതാനങ്ങൾ നമുക്ക് ഇല്ലെന്ന കാര്യമാണ് ബോധ്യമായത്. നാട് ഒരു പ്രത്യേക പ്രതിസന്ധി നേരിടുമ്പോൾ ഞങ്ങൾ അതിന്റെ കൂടെയുണ്ട് എന്ന പ്രഖ്യാപനം ആത്മവിശ്വാസം പകരുന്നതാണ്. ജനങ്ങളുടെ ഒരുമയും ഐക്യവും നിലനിൽക്കുമ്പോൾ ഒന്നും അസാധ്യമല്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് ഈ ജനാവലി. ജനങ്ങളുടെ മുന്നിൽ എൽഡിഎഫ് വച്ച പരിപാടി അംഗീകരിച്ചാണ് 2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഓഖി, പ്രളയം, കോവിഡ് ഉൾപ്പെടെ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. നമുക്ക് അതിന് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് കേരളത്തെ ഉയർത്താൻ കഴിഞ്ഞു. കേരളത്തിലാണ് ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്ത്യയിൽ സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണ്. നടക്കില്ലെന്ന് കരുതി ഏതെങ്കിലും കാര്യം ബാക്കി കിടക്കുന്നുണ്ടോ. ചെയ്യാൻ കഴിയുന്ന കാര്യമേ പറഞ്ഞിട്ടുള്ളൂ. പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതാണ് നവകേരള സദസ്സിന്റെ വിജയം കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. മന്ത്രിമാരായ എം ബി രാജേഷ്, പി പ്രസാദ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ സ്വാഗതവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നന്ദിയും പറഞ്ഞു.

സദസ്സിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ 20 കൗണ്ടറുകളിലൂടെ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ ഫ്യൂഷനും അരങ്ങേറി.

date