Skip to main content

എം.ആര്‍ വാക്സിന്‍ നല്‍കുന്നതിനിടെ ജീവനക്കാരെ അക്രമിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -ആരോഗ്യമന്ത്രി

മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവ: എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശനനടപടിയുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഡി.ജി.പിയുടെ അടിയന്തിര ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയുമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ നടക്കുന്ന എം.ആര്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം വാക്സിന്‍ വിരുദ്ധരുടെ ശ്രമം മുന്‍കാലങ്ങളില്‍തന്നെ ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 

എം.ആര്‍ വാക്സിനേഷന്‍ ക്യാമ്പയിന്‍ 90 ശതമാനം വിജയിപ്പിക്കാന്‍ കഴിഞ്ഞതും ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായശ്രമഫലമാണ്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും.

വാക്സിനേഷന്‍ ക്യാമ്പയിന്‍ 100 ശതമാനം വിജയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ജനങ്ങളുടെ പൂര്‍ണസഹകരണം ലഭിക്കണം. ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സംരക്ഷണമൊരുക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എന്‍.എക്‌സ്.5003/17

date