Skip to main content

പറവൂർ നവകേരള സദസ്സ്: നവകേരളം സൃഷ്ടിക്കാൻ ജനങ്ങളുടെ അഭിപ്രായം തേടിയുള്ള യാത്രയാണ് നവകേരള സദസ്സ്: മന്ത്രി സജി ചെറിയാൻ

 

നവകേരളം സൃഷ്ടിക്കാൻ ജനങ്ങളുടെ അഭിപ്രായം തേടിയുള്ള യാത്രയാണ് നവകേരള സദസ്സെന്ന് മന്ത്രി സജി ചെറിയാൻ. പറവൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴര വർഷക്കാലം ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാനും നവകേരള സദസ്സ് ലക്ഷ്യമിടുന്നു. നവകേരള സദസ്സിനെത്തിയ പറവൂർ മണ്ഡലത്തിലെ ജനസാഗരം സർക്കാരിൻ്റെ തുടർച്ചയായ ഭരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് നവകേരള സദസ്സുകളിൽ എത്തിച്ചേരുന്നത്. ജനങ്ങൾക്ക് സർക്കാരിനെ വിശ്വാസമുണ്ട് എന്നതിൻ്റെ തെളിവാണ് ഈ ജനപങ്കാളി ത്തമെന്നും മന്ത്രി പറഞ്ഞു.

വികസനകാര്യത്തിൽ പിന്നാക്കം നിൽക്കുന്ന പറവൂർ മണ്ഡലത്തിലെ ജനങ്ങളുടെ ഓരോ പ്രശ്നവും ഈ മന്ത്രിസഭ പരിഹരിക്കുമെന്നും കൊച്ചിയുടെ ഉപനഗരമാക്കി പറവൂരിനെ മാറ്റാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന സംസ്ഥാനത്തെ പിന്നോട്ടു വലിക്കാനായി കേന്ദ്ര സർക്കാർ അർഹമായ വിഹിതം വെട്ടിക്കുറക്കുകയാണ്. കേന്ദ്ര വിഹിതം നമ്മുടെ ഭരണഘടനാപരമായ അവകാശമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

date