പറവൂർ നവകേരള സദസ്സ്: എല്ലാം എല്ലാവരിലേക്കും' എന്ന മുദ്രാവാക്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെക്കുന്നത്: മന്ത്രി കെ.രാജൻ
വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങി എല്ലാം എല്ലാവരിലേക്കും എന്ന മുദ്രാവാക്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. പറവൂർ മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ പറയുന്നത് കേൾക്കാനായി മന്ത്രിസഭ പറവൂർ മണ്ഡലത്തിൽ എത്തിയപ്പോൾ ഹൃദയപക്ഷമാണ് നവകേരള സദസ്സിൽ പങ്കെടുക്കാൻ എത്തിയത്. ലോകത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സദസ്സ്. സംസ്ഥാനം ഭരിക്കുവാൻ ജനങ്ങൾ ചുമതലപ്പെടുത്തിയവരാണ് ഈ മന്ത്രിസഭ. അതുകൊണ്ട് തന്നെ ഞങ്ങളുടെ യജമാനന്മാർ ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ വാട്ടർ മെട്രോ, കൊച്ചി മെട്രോ രണ്ടാം ഘട്ടം, 2024 ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന ക്യാൻസർ സെൻ്റർ, ചെല്ലാനം ടെട്രാപോട്, നിർമാണം ആരംഭിക്കാൻ പോകുന്ന കൊച്ചി സയൻസ് പാർക്ക്, നീരൊഴുക്ക് സുഖമമാക്കാൻ കൊണ്ടുവന്ന ഓപറേഷൻ ബ്രേക്ക് ത്രൂ പദ്ധതി എന്നിവ ജനകീയ സർക്കാർ ജില്ലക്കായി നൽകിയ വികസന സമ്മാനങ്ങളാണ്. നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments