ധനസമാഹരണ പരിപാടി സെപ്തംബര്‍ 11 മുതല്‍ 15 വരെ
സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തുക സമാഹരിക്കുന്നതിന്‍റെ ഭാഗമായി പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ നേതൃത്വത്തില്‍ സെപ്തംബര്‍ 11 മുതല്‍ 14 വരെ ധനസമാഹരണ പരിപാടി നടത്തും. ജില്ലയിലെ വിവിധ താലൂക്കുകളും ജില്ലാ കലക്ടറേറ്റും കേന്ദ്രീകരിച്ചാണ് ക്യാമ്പ് നടക്കുന്നത്. സെപ്തംബര്‍ 11 രാവിലെ ഒറ്റപ്പാലം താലൂക്കിലും ഉച്ചയ്ക്ക് പട്ടാമ്പി താലൂക്കിലും സെപ്തംബര്‍ 12 രാവിലെ ആലത്തൂര്‍ താലൂക്കിലും ഉച്ചയ്ക്ക് ചിറ്റൂരിലും സെപ്തംബര്‍ 13ന് രാവിലെ പാലക്കാടും ഉച്ചയ്ക്ക് മണ്ണാര്‍ക്കാട് താലൂക്കിലുമാണ് ക്യാമ്പ് നടക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയുമാണ് പരിപാടി നടക്കുന്നത്. സെപ്തംബര്‍ 14ന് ജില്ലാ കലക്ടറേറ്റില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ് ഉണ്ടാവുക. കായിക യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയ്തിലക്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എല്ലാ ജില്ലാതല വകുപ്പ് മേധാവികളും ക്യാമ്പില്‍ പങ്കെടുക്കും.
കൂടാതെ സെപ്തംബര്‍ 15ന് എല്ലാ പഞ്ചായത്ത് കാര്യാലയങ്ങളിലും ധനസമാഹരണ ക്യാമ്പ് നടത്തും. പഞ്ചായത്ത് തല ക്യാമ്പില്‍ എസ്.ബി.ഐ, കനറാ ബാങ്ക് ജീവനക്കാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. ഈ ക്യാംപുകളില്‍ ചെക്ക്/ ഡി.ഡി രൂപത്തിലോ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഓണ്‍ലൈന്‍ വഴിയോ, പണമായോ തുക നല്‍കാം. പരമാവധി പണമായി നല്‍കുന്നത് ഒഴുവാക്കണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
- Log in to post comments