കാര്യക്ഷമതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര : മന്ത്രി സജിചെറിയാന്‍
ജനങ്ങളുടെ ആവലാതികള്‍ തീര്‍പ്പാക്കുന്നതിലുള്ള കാര്യക്ഷമതതന്നെയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര എന്ന് മത്‌സ്യബന്ധന-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇരവിപുരം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായിട്ടാണ് മന്ത്രിമാരുടെയും ജില്ലാ കലക്ടര്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ താലൂക്ക്-ജില്ലാ അദാലത്തുകളും മലയോര-തീരദേശ അദാലത്തുകളും. സ്വീകരിക്കപ്പെട്ട നിവേദനകളില്‍ 90 ശതമാനം ഫയലുകളിലും തീരുമാനം എടുക്കാനായി. കാര്യക്ഷമതയുടെ അടയാളപ്പെടുത്തലാണിത്.
മധ്യ-ഇടത്തരം വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സംസ്ഥാനമായി മാറി കേരളം. ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊല്ലം ബൈപാസ്, മലയോര-തീരദേശ ഹൈവേ, ദേശീയപാത വികസനം എന്നിവ ജില്ലയിലെ പ്രകടമായ വികസനപ്രവര്‍ത്തനങ്ങളാണ്.
നവകേരള സദസ്സിന്റെ പ്രഭാതയോഗങ്ങളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ നവകേരള സൃഷ്ടിക്ക് ആക്കംകൂട്ടുന്നവയാണ്. കേരളത്തിന് അര്‍ഹമായ അവകാശങ്ങള്‍ വെട്ടികുറയ്ക്കുന്ന കാലത്തു അതിനെതിരെ ബന്ധപെട്ടവര്‍ നാവടക്കി ഇരിക്കുമ്പോള്‍ ജനകീയഇടപെടല്‍ ഉണ്ടാകണം. കേരളത്തിലെ 140 മണ്ഡലങ്ങളിലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ ആണ് നവകേരള സദസ്സിലൂടെ നടത്തിവരുന്നതും.
വായ്പഎടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തില്‍ ഭരണഘടനാവിരുദ്ധമായി കൈ കടത്തി സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. നിയമവിരുദ്ധമായാണ് സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ ഇടപെടുന്നതും പൊതുഇടങ്ങളില്‍ പ്രോട്ടോകോള്‍ലംഘനം നടത്തുന്നതും. ഇവിടെ ക്രമസമാധാനപരിപാലനം മികച്ച രീതിയില്‍ ആണ്-അദ്ദേഹം പറഞ്ഞു.
- Log in to post comments