Skip to main content

പ്രളയബാധിതര്‍ക്ക് സിബില്‍ സ്‌കോര്‍ നോക്കാതെ വായ്പ നല്‍കാന്‍ നിര്‍ദേശം

 

ജില്ലയിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സിബില്‍ സ്‌കോര്‍ നോക്കാതെ ദുരിതബാധിതര്‍ക്ക് വായ്പ അനുവദിക്കാന്‍ നിര്‍ദേശം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബാങ്ക് പ്രതിനിധികളുടേയും ജനപ്രതിനിധികളുടേയും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുടേയും സംയുക്തയോഗത്തിലാണ് നിര്‍ദേശം. പ്രളയബാധിതര്‍ക്ക് ബാങ്കുകളുടെ ഭാഗത്ത് നിന്നും സഹായം നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ബാങ്ക് അവലോകന സമിതി യോഗം ചേര്‍ന്നത്. 

വിവാഹ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കാനും വിദ്യാഭ്യാസ വായ്പകള്‍ക്ക്് ആറുമാസത്തെ മോറട്ടോറിയം നല്‍കാനും കുടിശിക ഉള്ളവര്‍ക്ക് അത് പുന:ക്രമീകരിച്ച് ലോണ്‍ നല്‍കാനും യോഗം നിര്‍ദേശിച്ചു. കൂടാതെ വ്യാപാരി വ്യവസായികള്‍ക്ക് പത്ത് ലക്ഷം രൂപ ഈടില്ലാതെയും പലിശരഹിതമായും നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകാനും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ നിര്‍ദേശം വയ്ക്കുന്നതിനും  ഇതിനായി ദുരിതബാധിത മേഖലയില്‍ കച്ചവടപ്രതിനിധികളേയും ബാങ്ക് പ്രതിനിധികളേയും ഉള്‍പ്പെടുത്തി ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്റെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനിച്ചു. മാത്രമല്ല, ഇപ്പോഴുള്ള പ്രവര്‍ത്തന മൂലധനം മൂന്ന് വര്‍ഷംകൊണ്ട് തവണകളായി തിരിച്ചടയ്ക്കുന്ന വിധത്തിലാക്കാനും ബാങ്കുകള്‍ തീരുമാനിച്ചു. 

ജില്ലയിലുണ്ടാകുന്ന നിക്ഷേപങ്ങള്‍ ഈ ജില്ലയില്‍ തന്നെ വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആന്റോ ആന്റണി എംപി പറഞ്ഞു. പ്രളയബാധിതര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് അവര്‍ക്ക് വേണ്ട സഹായം നല്‍കി മുന്നോട്ട് കൊണ്ട് വരണമെന്നും, മോറട്ടോറിയം കാലാവധി ബാങ്കുകള്‍ പുനപരിശോധിക്കണമെന്നും എംപി പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ നല്‍കാനുള്ള തീരുമാനം സ്തുത്യര്‍ഹമാണ് എന്നാല്‍ നിലവില്‍ കുടുംബശ്രീയില്‍ അംഗമല്ലാത്തവര്‍ക്ക് കൂടി അംഗത്വമെടുക്കാനുള്ള അവസരം നല്‍കി വായ്പാസൗകര്യം ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. 

വ്യാപാരിവ്യവസായികള്‍ക്ക് ഏറ്റവും വലിയ നഷ്ടം സംഭവിച്ച പ്രദേശമാണ് ആറന്മുളയും റാന്നിയുമെന്ന് എംഎല്‍എമാരായ രാജു എബ്രഹാമും വീണാജോര്‍ജും പറഞ്ഞു.  സ്ഥാപനങ്ങള്‍ ഉയര്‍ന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തവരാണ് പല വ്യാപാരികളും. എന്നാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ആവശ്യപ്പെട്ട് കമ്പനികളെ സമീപിക്കുന്ന പലര്‍ക്കും നിരാശാജനകമായ അനുഭവമാണുണ്ടാകുന്നതെന്നും, മുഴുവന്‍ തുകയും നല്‍കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്നും വീണാജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള പരിഹാരങ്ങള്‍ എത്രയും പെട്ടെന്നുണ്ടാകണമെന്നും, ഒരു വന്‍ ദുരന്തത്തെ മുഖാമുഖം കണ്ട് നിന്നവരെ വീണ്ടും പ്രശ്‌നത്തിലാക്കാതെ അവരെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമായി കാണണമെന്നും എം.എല്‍.എ പറഞ്ഞു. വായ്പ ആവശ്യപ്പെട്ട് ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് ലഭ്യമായ രേഖകള്‍ പരിശോധിച്ച് എത്രയും പെട്ടെന്ന് വായ്പ അനുവദിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. അത്തരത്തിലുള്ള നടപടികള്‍ ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും, വായ്പാ സെക്ഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലായെന്ന പരാതിക്ക് ബാങ്ക് അധികൃതര്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ദുരിതബാധിതര്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായമായ പതിനായിരം രൂപയില്‍ നിന്ന് ബാങ്ക് അധികൃതര്‍ പഴയ കുടിശികയും അവരുടെ സേവന ചാര്‍ജുകള്‍ പിടിക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. ബാങ്ക് പിടിക്കുന്ന തുക എത്ര ചെറുതായാലും അത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലുതാണെന്നും കളക്ടര്‍ പറഞ്ഞു. 

ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ, രാജു എബ്രഹാം, വീണാജോര്‍ജ്, അടൂര്‍പ്രകാശ്, ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍, എസ്.ബി.ഐ റീജണല്‍ മാനേജര്‍ സുരേഷ്‌കുമാര്‍, ആര്‍.ബി.ഐ എ.ജി.എം സി. ജോസഫ്, നബാര്‍ഡ് ഡി.ഡി.എം രഘുനാഥപിള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ജോണ്‍ മണ്‍പാറ, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

        (പിഎന്‍പി 2785/18)

date