ലഹരിവ്യാപനം തടയാന്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍
ക്രിസ്തുമസ് - പുതുവത്സര ഉത്സവകാലത്ത് ജില്ലയില്‍ ലഹരിവ്യാപനം തടയുന്നതിന് കര്‍ശന നടപടിക്ക് നിര്‍ദേശം. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ചേര്‍ന്ന ജില്ലാതല ചാരായനിരോധന ജനകീയകമ്മിറ്റിയോഗത്തില് വീടുകളില്‍ ലൈസന്‍സില്ലാതെയുള്ള വൈന്‍ നിര്‍മാണത്തിനെതിരെ മുന്നറിയിപ്പ് നല്കി. വീര്യംകൂട്ടിയ അരിഷ്ടകച്ചവടവും ജലമാര്‍ഗമുള്ള മദ്യക്കടത്തും തടയാന്‍ സുശക്ത പരിശോധനനടത്താനും നിര്‍ദേശിച്ചു.
ജില്ലാതിര്ത്തിയിലും വനമേഖലയിലും പോലിസ്-എക്സൈസ്-വനംവകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും. പുതിയകാല ലഹരിവസ്തുക്കള്‍ കണ്ടെത്തിനശിപ്പിക്കുന്നതിനൊപ്പം കുറ്റവാളികളെ പിടികൂടി നിയമനടപടി സ്വീകരിക്കും. ലഹരിവ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങളും വിവരം കൈമാറണം. നല്‍കുന്നവരുടെ വ്യക്തിവിവരം പുറത്ത്പോകാതിരിക്കാന് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. യോഗത്തില്‍ പങ്കെടുത്ത കമ്മിറ്റിയംഗങ്ങള്‍ ലഹരികച്ചവടത്തിന്റെ മേഖലകളായി ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി പരിശോധനയും നടത്തണം.
ഒരുമാസക്കാലയളവിനുള്ളില്‍ എക്സൈസ് ജില്ലയില്‍ 766 റെയ്ഡുകള്‍ നടത്തി. 3753 വാഹനങ്ങള്‍ പരിശോധിച്ചു. 24390 രൂപ തൊണ്ടിയായി പിടിച്ചെടുത്തു. ലൈസന്‍സ് വ്യവസ്ഥ ലംഘിച്ചതിന് ഒരു ബാറിനെതിരെ കേസെടുത്തു. പാന്‍മസാല പിടികൂടി 93,400 രൂപ പിഴ ഈടാക്കി. വിവിധ കേസുകളിലായി 111 പേരെ അറസ്റ്റ് ചെയ്തു. എട്ടു വാഹനങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ തമിഴ്നാട് പൊലിസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഡിസംബര്‍ 24, 30 തീയതികളില്‍ സംയുക്ത പരിശോധന നടത്തും.
വിമുക്തി പദ്ധതിയുടെഭാഗമായി സ്കൂളുകളിലെ ബോധവത്കരണപരിപാടികള്‍ തുടരുകയാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്കേന്ദ്രീകരിച്ച് ലഹരിഉപയോഗം തടയുന്നതിനുള്ള പരിശോധനകള്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത് എന്നും എക്സൈസ് വകുപ്പ് പ്രതിനിധിയോഗത്തില്‍ അറിയിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എം കൃഷ്ണകുമാര്‍, ചാരായനിരോധന കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments