Skip to main content

നെല്‍വയല്‍-തണ്ണീര്‍ത്തട ഡേറ്റാ ബാങ്ക് രേഖ തിരുത്താന്‍ 27നകം അപേക്ഷിക്കണം

സംസ്ഥാനത്ത് നെല്‍വയലായും തണ്ണിര്‍ത്തടമായും നിലവിലുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് ഡേറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷ ആഗസ്റ്റ് 27നകം സമര്‍പ്പിക്കണമെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി ചട്ടങ്ങള്‍-2017 നിലവില്‍ വന്ന തീയതി മുതല്‍ 90 ദിവസമാണ് അപേക്ഷിക്കാന്‍ നല്‍കിയിട്ടുള്ളത്. വിജ്ഞാപനത്തിലൂടെ ഭേദഗതികള്‍ നിലവില്‍ വന്നതിനാല്‍ ആഗസ്റ്റ് 27 ന് നിശ്ചിത കാലാവധി അവസാനിക്കും. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫീസര്‍മാര്‍ ആഗസ്റ്റ് 27 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കണമെന്നും തുടര്‍നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. രേഖകളുടെ പുന:പരിശോധനയ്ക്ക് അപേക്ഷയോടൊപ്പം ഭൂമിയുടെ വിവരങ്ങളും ഉദ്ദേശിക്കുന്ന പരിഹാരവും വ്യക്തമാക്കി നൂറ് രൂപ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ച് നല്‍കിയാല്‍ കൃഷി ഓഫീസര്‍മാര്‍ സ്വീകരിച്ച് കൈപ്പറ്റ് രസീത് നല്‍കും. അപേക്ഷയുടെ ആവശ്യം സംബന്ധിച്ച അന്വേഷണത്തില്‍ ബോധ്യമായാല്‍ ഡേറ്റാ ബാങ്ക് പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുന്നതാണെന്നും പി.എച്ച്. കുര്യന്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.3626/17

 

date