Skip to main content

'കുടുംബശ്രീ' കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരത്തിന്റെ അളവുകോലെന്ന് മന്ത്രി എം.ബി. രാജേഷ്

കുടുംബശ്രീ ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 'കുടുംബശ്രീ' ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം സംസ്ഥാനം ഏറെക്കുറെ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വരുമാന വര്‍ദ്ധനവ് മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആളുകള്‍ അര്‍പ്പിച്ച വിശ്വാസവും 46 ലക്ഷത്തോളം വരുന്ന മനുഷ്യവിഭവശേഷിയുമാണ് കുടുംബശ്രീയുടെ പിന്‍ബലമെന്നും പുതിയ കുതിപ്പിനാണ് ഈ വര്‍ഷം കുടുംബശ്രീ തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറത്ത് നിന്നാംരംഭിച്ച പദ്ധതികള്‍ എന്നും വിജയം കൈവരിച്ചതായാണ് ചരിത്രമെന്നും വന്‍കിട ബ്രാന്റുകളോട് മത്സരിക്കാവുന്ന തരത്തില്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ജനകീയ പ്രസ്ഥാനത്തിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും കുടുംബശ്രീ മിഷനും നടപ്പിലാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കുടംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായിരുന്നു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, വാര്‍ഡംഗം കെ.എന്‍ ഷാനവാസ്, ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷബ്‌ന റാഫി, ജില്ലാ കറിപൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് വി. ബിന്ദു, തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.

ആയിരം അമ്മമാരുടെ കൈപുണ്യത്തിന് ഇനി ഒരേ പേര്.. ഒരേ രുചി..

ഉത്പന്നങ്ങള്‍ക്ക് ഏകീകൃത രൂപവും ഭാവവും നല്‍കി വിപണിയിലെത്തിക്കുന്ന ബ്രാന്റിങ് പദ്ധതിയുമായി കുടുംബശ്രീ. കണ്ണുര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മലപ്പുറം ഉള്‍പ്പടെ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇതില്‍ മലപ്പുറം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നന്നുള്ള സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ് ആദ്യ ഘട്ടത്തില്‍ ബ്രാന്റഡ് രൂപത്തില്‍ വിപണിയിലെത്തുക. കാസര്‍കോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 81 സംരംഭങ്ങളും കോട്ടയം ജില്ലയില്‍ നിന്നുള്ള 14 സംരംഭങ്ങളും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 15 സംരംങ്ങളും ഉത്പാദിപ്പിക്കുന്ന കറി പൗഡറുകളും ധാന്യപ്പൊടികളുമാണ് ഏകീകൃത ബ്രാന്റ് ആയി വിപണിയിലെത്തുന്നത്.  

ഒരേ ഉത്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള വിവിധ ഇടങ്ങളിലുള്ള സംരംഭങ്ങളെ കൂട്ടിയോജിപ്പിച്ച് ക്ലസ്റ്റര്‍ ഡെവലപ്മെന്റ് നടത്തി ഏകീകൃത ബ്രാന്റിലും പായ്ക്കിങ്ങിലും ഉത്പ്പന്നങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ബ്രാന്റിങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ ബസാര്‍, മാര്‍ക്കറ്റിങ് ഔട്ട്‌ലെറ്റുകള്‍, ഹോം ഷോപ്പ് എന്നിവ വഴിയാണ് വില്‍പ്പന നടത്തുക. തുടര്‍ന്ന് വിതരണ ഏജന്‍സികളുടെ സഹായത്തോടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം.

date