Skip to main content

വാഴക്കുളം, പായിപ്ര കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 26ന്) 

 

 

കൊച്ചി: വാഴക്കുളം, പായിപ്ര കുടുംബാരോഗ്യകേന്ദ്രങ്ങളുടെ (Family Health Centre) ഉദ്ഘാടനം ഇന്ന് (നവംബര്‍ 26ന്) ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം മിഷന്റെ ഭാഗമായാണ് വാഴക്കുളം, പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത്. വൈകീട്ട് മൂന്നിന് വാഴക്കുളത്തും നാലിന് പായിപ്രയിലുമാണ് ഉദ്ഘാടനം.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്. ഇതില്‍ കോടനാട്, കുട്ടമ്പുഴ, മഴുവന്നൂര്‍ ആശുപത്രികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി പ്രവര്‍ത്തനം ആരംഭിച്ചു.വാഴക്കുളം, പായിപ്ര ആശുപത്രികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജില്ലയില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം അഞ്ചാവും. ഡിസംബര്‍ അവസാനത്തോടെ മറ്റുള്ളവയും ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിക്കും.

കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും ഔട്ട് പേഷ്യന്റ് സംവിധാനം ഉണ്ടായിരിക്കും. എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സ ഇവിടെ നടത്തും. വിദഗ്ദ്ധചികിത്സ ആവശ്യമുള്ളവരെ റഫര്‍ ചെയ്യും. ലാബ്‌സൗകര്യം രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയുണ്ടായിരിക്കും

സാധാരണ രോഗലക്ഷണങ്ങളുടെ ചികിത്സ, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍ തുടങ്ങിയവ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കും. ഗര്‍ഭിണികള്‍, കൗമാരക്കാര്‍, ദമ്പതിമാര്‍, പ്രായമായവര്‍, ജീവിതശൈലീരോഗമുള്ളവര്‍, ലഹരിക്കടിമയായവര്‍ എന്നിവര്‍ക്ക് കൗണ്‍സലിംഗ്, ആരോഗ്യവിദ്യാഭ്യാസം, ഗാര്‍ഹിക പീഡനങ്ങളുണ്ടാവുകയാണെങ്കില്‍ സംരക്ഷണം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവും. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന എല്ലാ ആരോഗ്യസേവനങ്ങളും പരിപാടികളും കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കേന്ദ്രത്തിന്റെ ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം, വിലയിരുത്തല്‍, തെറ്റുകള്‍ പരിഹരിക്കല്‍ എന്നിവയ്ക്കായി ജില്ല, പഞ്ചായത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യത്തെ സംബന്ധിക്കുന്ന സാമൂഹ്യഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടത്തുക. പിഎച്ച്‌സി ചൊവ്വര, പിഎച്ച്‌സി തിരുമാറാടി, പിഎച്ച്‌സി എരൂര്‍, പിഎച്ച്‌സി ചേരാനെല്ലൂര്‍, പിഎച്ച്‌സി ഗോതുരുത്ത്, പിഎച്ച്‌സി നായരമ്പലം, പിഎച്ച്‌സി മഞ്ഞപ്ര, പിഎച്ച്‌സി ചെല്ലാനം, പിഎച്ച്‌സി കരുമല്ലൂര്‍, പിഎച്ച്‌സി തൃക്കാക്കര എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്ന മറ്റ് സ്ഥാപനങ്ങള്‍. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

date