മുഖ്യമന്ത്രി പങ്കെടുക്കും ഇക്കൊല്ലം തദ്ദേശദിനത്തിന് വിപുല പരിപാടികള്‍
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സംഗമിക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി വിപുലപരിപാടികളാണ് കൊട്ടാരക്കരയില്‍ ഒരുക്കിയിട്ടുള്ളത്. നാടിന്റെസ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്ന വ്യത്യസ്തവിഷയങ്ങളിലുള്ള സെമിനാറുകള്‍, ചര്‍ച്ച, കലാരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവരുടെ പരിപാടികള്‍ തുടങ്ങിയവയാണ് ആകര്‍ഷണം. മികവ് പുലര്‍ത്തിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവിതരണ വേദികൂടിയാകും ഇവിടം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം പുരസ്‌കാരങ്ങളും സമ്മാനിക്കുക.
മുഖ്യവേദിയായ മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ ഫെബ്രുരി 18ന് രാവിലെ 9.45 ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തുന്നതോടെ ദിനാഘോഷത്തിന് തുടക്കമാകും. പരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും.
ഫെബ്രുവരി 19ന് രാവിലെ ഒന്‍പത് മണി മുതല്‍ പ്രതിനിധിസമ്മേളനവും സുസ്ഥിര വികസനവും പ്രാദേശിക സര്‍ക്കാരുകളും വിഷയത്തില്‍ സെമാനാറും നടക്കും. 11:30 ന് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും.
തദ്ദേശസ്വയംഭരണ എക്‌സൈസ്മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരാണ് മുഖ്യാതിഥികള്‍. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എം എല്‍ എമാരായ എം നൗഷാദ്, എം മുകേഷ്, സുജിത് വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, പി എസ് സുപാല്‍, സി ആര്‍ മഹേഷ്, പി സി വിഷ്ണുനാഥ് എന്നിവരാണ് വിശിഷ്ടാതിഥികള്‍. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, പ്രിന്‍സിപല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, ഡയറക്ടര്‍ (റൂറല്‍) ദിവ്യ എസ് അയ്യര്‍, ഡയറക്ടര്‍ (അര്‍ബന്‍) അലക്‌സ് വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കലാപരിപാടികള്‍
ഇന്ന് (ഫെബ്രുവരി 15) വൈകിട്ട് 5.30ന് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടില്‍ ബഡ്‌സ് സ്‌കൂള്‍ പ്രതിഭകള്‍ അവതരിപ്പിക്കുന്ന ശലഭമേളം, യുവ കലാകാരന്‍ അഭിനവും സംഘവും അവതരിപ്പിക്കുന്ന സിംഫണി-പുല്ലാങ്കുഴല്‍ സംഗീതം, വൈകിട്ട് ആറിന് കൊട്ടാരക്കര ചന്തമുക്കില്‍ കുടുംബശ്രീ കുട്ടീസ് ബാന്‍ഡ് അവതരിപ്പിക്കുന്ന എയ്ഞ്ചല്‍ വൈബ്‌സ്.
നാളെ (ഫെബ്രുവരി 16ന്) വൈകിട്ട് അഞ്ചിന് കൊട്ടാരക്കര ചന്തമുക്കില്‍ ചിറക്കര സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം-ഒഥല്ലോ. വൈകിട്ട് ആറിന് കെ ഐ പി ഗ്രൗണ്ടില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിക്കുന്ന ലഹരി വിമുക്ത ബോധവത്ക്കരണ നാടകം 'ജീവിതം മനോഹരമാണ്'. വൈകിട്ട് ആറിന് മൈലം ഗ്രാമപഞ്ചായത്ത് എം ജി എം സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ പി എ സി അവതരിപ്പിക്കുന്ന നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'. കൊട്ടാരക്കര ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7:30 മുതല്‍ വയലി ബാംബൂ മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന 'മുളന്തണ്ടുകളുടെ സംഗീതം'.
ഫെബ്രുവരി 17ന് വൈകിട്ട് ആറ് മുതല്‍ കൊട്ടാരക്കര ചന്തമുക്കില്‍ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി-ഉത്തരാസ്വയംവരം. കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 7.30 മുതല്‍ പിന്നണിഗായകന്‍ മത്തായി സുനില്‍ നയിക്കുന്ന പാട്ടുപുര ബാന്റിന്റെ 'ഫോക്ക് റവല്യൂഷന്‍ സീസണ്‍ ടു ദി ഫ്രീഡം'
ഫെബ്രുവരി 18ന് നാലുമണി മുതല്‍ ജൂബിലി മന്ദിരത്തിലെ വേദിയില്‍ ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും കലാപരിപാടികള്‍. വൈകിട്ട് ഏഴിന് കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി അവതരിപ്പിക്കുന്ന സംഗീതനിശ.
- Log in to post comments