Skip to main content

ഭൂമി തരം മാറ്റം: ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ അദാലത്ത് ശനിയാഴ്ച്ച ആലുവയില്‍ 

 

5000 ഉത്തരവുകള്‍ കൈമാറും

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയുടെ പരിധിയിലുള്ള ഫോറം 6 അപേക്ഷകളുടെ തീര്‍പ്പാക്കല്‍ അദാലത്ത്  ശനിയാഴ്ച്ച(ഫെബ്രുവരി 17) നടക്കും. റവന്യുവകുപ്പ് മന്ത്രി കെ.രാജന്റെ നേതൃത്വത്തില്‍ ആലുവ യു.സി കോളേജ് മെയിന്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മുതലാണ് അദാലത്ത് നടത്തുന്നത്.  തൃക്കാക്കര കമ്മ്യൂണിറ്റി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലാണ് അദാലത്ത് നടത്തുവാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്ഥല പരിമിതിയുള്ളതിനാല്‍ ആലുവയിലേക്ക് മാറ്റുകയായിരുന്നു.

അദാലത്തില്‍ ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ ഓഫീസിന് കീഴിലുള്ള ആലുവ, പറവൂര്‍, കണയന്നൂര്‍, കൊച്ചി താലൂക്കുകളിലായി 5000 അപേക്ഷകള്‍ക്ക് പരിഹാരമായി  ഭൂമി തരം മാറ്റല്‍ ഉത്തരവ് കൈമാറും. 

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന, 2023 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും 25 സെന്റില്‍ താഴെ വിസ്തീര്‍ണ്ണം വരുന്നതും, ഫീസ് ആവശ്യമില്ലാത്തതുമായ ഫോറം 6 അപേക്ഷകളുടെ തീര്‍പ്പാക്കല്‍ അദാലത്ത് ആണ് നടത്തുന്നത്.

ടോക്കണ്‍ നമ്പര്‍ എസ്.എം.എസ് മെസേജ് ആയി ലഭിച്ചിട്ടുള്ളവര്‍ മാത്രമാണ് അദാലത്തില്‍ പങ്കെടുക്കേണ്ടത്. അദാലത്തില്‍ എത്തുന്നവര്‍ക്ക് സൗകര്യാര്‍ത്ഥം ഉത്തരവുകള്‍ കൈപ്പറ്റുന്നതിന് 20 കൗണ്ടറുകളും വേദിയില്‍ സജ്ജീകരിക്കും.

date