Skip to main content

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ന് ഇന്ന് (ഫെബ്രുവരി 17) തുടക്കമാകും

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണ്ണപ്പകിട്ട് 2024 ന് ഇന്ന് (ഫെബ്രുവരി 17) തുടക്കമാകും. വൈകിട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി. ശ്രീ.കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികള്‍ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി 19ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും.

പരിപാടിക്ക് മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര വിദ്യാര്‍ഥി കോര്‍ണറില്‍ നിന്നും ആരംഭിക്കും. മന്ത്രി ഡോ. ആര്‍ ബിന്ദു ഫ്‌ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികള്‍, സ്റ്റേറ്റ്/ ജില്ലാതല ട്രാന്‍സ്ജന്‍ഡര്‍ പ്രതിനിധികള്‍, ജീവനക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, കുടുംബശ്രീ - അങ്കണവാടി പ്രവര്‍ത്തകര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കും. ഘോഷയാത്ര നടുവിലാല്‍, നായ്ക്കനാല്‍, സ്വപ്ന, പാലാസ് റോഡ് വഴി ടൗണ്‍ഹാളില്‍ എത്തിച്ചേരും. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങളുടെ വര്‍ണ്ണപകിട്ടാര്‍ന്ന വിവിധ കലാരൂപങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ്, കുടുംബശ്രീ പ്രവര്‍ത്തകരുടെ ശിങ്കാരിമേളം, പുലിക്കളി എന്നിവ ഘോഷയാത്രക്ക് മിഴിവേകും

date