Skip to main content

ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ; മുഖ്യമന്ത്രി

 

 

ഉയര്‍ന്ന ചിലവിന്റെ പേരില്‍ ആര്‍ക്കും ചികിത്സ പ്രാപ്യമാകാതെ പോകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ഐസോലേഷന്‍ വാര്‍ഡ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നഗര പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായിട്ടാണ് നിലവില്‍ 102 നഗര കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൗജന്യവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കാനായിട്ടാണ് നഗര ജനകീയ ആരോഗ്യ കുടുംബ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലത്തിലും ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള പത്ത് കിടക്കകളടങ്ങിയ എെസോലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാനുള്ള പദ്ധതി നേരത്തെ ആരംഭിച്ചതാണ്.  

 

 അപൂര്‍വ്വരോഗ പരിചരണത്തിനായി കേരള യുണൈറ്റഡ് എഗെയ്ന്സ്റ്റ് റെയര്‍ ഡീസിസസ് (കെയര്‍ ) എന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. അപൂര്‍വ്വരോഗ ചികിത്സാ രംഗത്ത് കേരളത്തിന്റെ നിര്‍ണ്ണായക ചുവടുവെപ്പാണ് ഈ പദ്ധതി. അപൂര്‍വ്വരോഗങ്ങള്‍ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും നിലവില്‍ ലഭ്യമായിട്ടുള്ള ചികിത്സ ലഭ്യമാക്കാനും ഗൃഹകേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പുവരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക - സാമൂഹിക പിന്തുണ ഉറപ്പുവരുത്താനും ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ, വനിത - ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

എ.കെ.എം അഷ്റഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മംഗല്‍പാടി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് റുബീന , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേരോ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷംസീന, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍, മംഗല്‍പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്റി എന്നിവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. മുഹമ്മദ് ഹനീഫ് സ്വാഗതം പറഞ്ഞു.

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

 

 

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. നിപ - കോവിഡ് പോലെയുള്ള മഹാമരികളെയും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കാൻ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ആണ് മുഖ്യമന്ത്രി ഓൺലൈൻ ആയി നിർവഹിച്ചത്. 39 ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനവും,42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും, അപൂർവ രോഗ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനവും ആണ് വെള്ളിയാഴ്ച നടന്നത്. 

ജില്ലയിൽ രണ്ട് ഐസൊലേഷൻ വാർഡുകളുടെയും ഒരു നഗര ആരോഗ്യ കേന്ദ്രത്തിന്റയും ഉദ്ഘാടനമാണ് നടന്നത്. ആദ്യഘട്ടത്തിൽ 10 ഐസൊലേഷൻ വാർഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 

 

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ചെയർപെഴ്‌സൺ കെ.സീത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എം.കെ ബാബുരാജ്, എ.ദാമോദരൻ, എം.ജി.പുഷ്പ, പുല്ലൂർ- പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ സുമ കുഞ്ഞികൃഷ്‌ണൻ, പെരിയ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഡി.ജി.രമേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് പെരിയ, അബ്ദുൽ ഖാദർ ഹാജി തുടങ്ങിയവർ പങ്കെടുത്തു. 

 

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സജ്ജമായത് ആധുനിക മെഡിക്കൽ സൗകര്യങ്ങളോട് കൂടിയ ഐസൊലേഷൻ വാർഡ്

 

പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സജ്ജമായത് 1.76 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച ആധുനിക മെഡിക്കൽ സാകര്യങ്ങളോട് കൂടിയ ഐസൊലേഷൻ വാർഡ്. 50 ശതമാനം എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്.

2400 സ്ക്വയർ ഫീറ്റിൽ പ്രീ-ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കിയിട്ടുണ്ട്.10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോർ, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രസിംഗ് റൂം, നഴ്സ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ്, ആധുനിക ഉപകരണങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികൾ എന്നിവ ഐസോലേഷൻ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

നിപ, കോവിഡ് പോലെയുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുവേണ്ടി സംസ്ഥാനത്ത് 140 ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 50 ശതമാനം

എം.എല്‍.എ. ഫണ്ടും 50 ശതമാനം കിഫ്ബി ഫണ്ടും ഉപയോഗിച്ച് 250 കോടി രൂപയാണ് മൊത്തം പദ്ധതിക്കായി ചിലവഴിക്കുന്നത്.

 

 

പടിഞ്ഞാറ്റം കൊഴുവലിൽ നഗര ജനകീയ 

ആരോഗ്യ കേന്ദ്രം തുറന്നു

 

 

നീലേശ്വരം നഗരസഭാ പരിധിയിൽ മൂന്നാമത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം  (ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ) പടിഞ്ഞാറ്റം കൊഴുവലിൽ ആരംഭിച്ചു. 

 

സംസ്ഥാനത്ത് നാടിന് സമർപ്പിച്ച 42 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.പി.ലത, പി.ഭാർഗവി, കൗൺസിലർമാരായ പി.ബിന്ദു, ഇ.ഷജീർ, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ.ടി.മനോജ്, എൻ.ആർ.എച്ച്.എം കോർഡിനേറ്റർ അലക്സ് ജോസ്, മെഡിക്കൽ ഓഫീസർ ഡോ.അതുല്യ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി സ്വാഗതവും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ആണൂർ നന്ദിയും പറഞ്ഞു. 

 

നഗരസഭയിൽ അനുവദിച്ച മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആനച്ചാലിലും ചിറപ്പുറത്തുമുള്ളവ നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ കേന്ദ്രങ്ങളിൽ ഞായറാഴ്ച്ച ഒഴികെ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതൽ വൈകീട്ട് 7 വരെ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും.  മരുന്നുകൾ സൗജന്യമായി ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജീവിത ശൈലീ രോഗനിർണയവും  ഉണ്ടായിരിക്കും.

date