Skip to main content

റാണിപുരത്തെ കാട്ടാനശല്യം ; പ്രദേശവാസികളേയും വിനോദ സഞ്ചാരികളേയും ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും ജില്ലാ കളക്ടര്‍

 

 

 

റാണിപുരത്തെ കാട്ടാനശല്യം പ്രദേശവാസികളേയും റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളേയും ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വന്യജീവി സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍

കാസര്‍കോട് ജില്ലയില്‍ റാണിപുരം ഭാഗത്തെ കാട്ടാന ശല്യം നേരിട്ട് കണ്ടറിയാന്‍ ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ മേഖലയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ റാണിപുരം ഡി.ടി.പി.സി ഹാളില്‍ യോഗം ചേര്‍ന്നു. പ്രദേശവാസികളുടെ അടക്കം എല്ലാവരുടെയും പരാതികള്‍ കളക്ടര്‍ നേരിട്ട് കേട്ടു. കൂടുതലായും ഉയര്‍ന്നു വന്ന പരാതികള്‍ കാട്ടാന ശല്യം തന്നെയായിരുന്നു. നിലവില്‍ റാണിപുരം ഭാഗത്ത് 9 കിലോമീറ്റര്‍ സോളാര്‍ വേലിയുണ്ട്. രണ്ട് ആളുകളെ വച്ച് അവ സംരക്ഷിച്ച് വരുന്നു. എന്നാല്‍ സോളാര്‍ വേലിയുടെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിലവില്‍ നാലോളം ആനകള്‍ വേലിക്ക് പുറത്ത് കാടുപിടിച്ച സ്വകാര്യഭൂമിയില്‍ വെള്ളത്തിന്റെ ലഭ്യത ഉള്ളതിനാല്‍ അവിടെ തമ്പടിച്ചിരിക്കുന്നു. ഈ ആനകളെയാണ് സഞ്ചാരികള്‍ അടക്കം പലരും കണ്ടിട്ടുള്ളത്. സോളാര്‍ വേലി അടിയന്തരമായി നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. 

 

നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 കിലോമീറ്ററോളം സോളാര്‍ തൂക്കുവേലി നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതില്‍ 17 കിലോമീറ്റര്‍ വരുന്നത് പനത്തടി പഞ്ചായത്തിലാണ്. ഈ ഭാഗങ്ങളില്‍ വരുന്ന സോളാര്‍ തൂക്കുവേലുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വനമേഖലയില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് യോഗത്തില്‍ ഡി.എഫ്.ഒ ഉറപ്പുനല്‍കി. നിലവില്‍ വനമേഖലയിലുള്ള രണ്ട് കുളങ്ങള്‍ നവീകരിച്ച് വന്യജീവികള്‍ക്കുള്ള വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. മറ്റു കുളങ്ങള്‍ കൂടി ക്ലീന്‍ ചെയ്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. കുരങ്ങ് ശല്യമാണ് മറ്റൊരു പ്രധാന വിഷയമായി യോഗത്തില്‍ ഉയര്‍ന്നു വന്നത്. കുരങ്ങ് ശല്യം ഒഴിവാക്കാന്‍ കൂടുകള്‍ ലഭ്യമാണെന്നും അതിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സ്വകാര്യഭൂമിയിലുള്ള കാടുപിടിച്ച സ്ഥലങ്ങള്‍ ഉടമസ്ഥര്‍ തന്നെ നന്നാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനായി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. റാണിപുരം ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വൈദ്യുതി മുടക്കം ഉണ്ടാകുന്നതായും, ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് റെയിഞ്ച് കിട്ടാത്തതായും ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വനസംരക്ഷണ സമിതികള്‍ മുഖാന്തിരം വന്യജീവികള്‍ക്ക് വനത്തിനകത്ത് വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത ഉണ്ടാക്കണമെന്നും അടുത്ത ജൂണ്‍ മാസത്തില്‍ തന്നെ അതിനായുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുമെന്നും യോഗത്തില്‍ കളക്ടര്‍ അറിയിച്ചു.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി.ശ്രീജിത്ത്, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, രാജപുരം പോലീസ് സ്റ്റേഷന്‍ എസ്‌ഐ കെ മുരളീധരന്‍, പനത്തടി വില്ലേജ് ഓഫീസര്‍ വിനോദ് ജോസ്, പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റാണിപുരം, വനസംരക്ഷണസമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സ് പരിസരം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു.

 

date