ഹരിത കർമ്മസേന യൂസർ ഫീസ് ഈടാക്കൽ നൂറു ശതമാനത്തിലെത്തിക്കണം
കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഹരിത കർമ്മസേനയുടെ യൂസർ ഫീസ് ഈടാക്കൽ ഈ മാസം നൂറുശതമാനത്തിൽ എത്തിക്കാൻ മാലിന്യമുക്തം നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് അധ്യക്ഷത വഹിച്ചു. നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തുകൾ തോറും നടക്കുന്ന ശുചിത്വ സന്ദേശയാത്രയുടെ അവലോകനവും സമാപന പരിപാടികളും യോഗം ചർച്ച ചെയ്തു.
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവയുടെ സംസ്‌കരണത്തിനായി നാലു നഗരസഭകളിൽ നടപ്പാക്കുന്ന ഡബിൾ ചേംബേർഡ് ഇൻസിനേറ്ററിന്റെ നിർമാണം ശുചിത്വ മിഷൻ സഹകരണത്തോടെ പൂർത്തിയാക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ നടപടികളെടുക്കും.
പാമ്പാടി ആർ.ഐ.ടി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അജൈവപാഴ് വസ്തുക്കളുടെ നിർമ്മാർജ്ജനം നിരീക്ഷിക്കുന്നതിനായി തയാറാക്കിയ ഫോർവാർഡ് ലിങ്കേജ് ആപ്പ് ഉടൻ പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്തം നവകേരളം ജില്ലാ കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, കില കോ-ഓർഡിനേറ്റർ ബിന്ദു അജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments