Skip to main content

ജില്ലയിൽ മൂന്നു നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

കോട്ടയം: ഉയർന്ന ചികിത്സാ ചെലവിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ സംസ്ഥാനത്ത് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും ഉദ്ഘാടനവും അപൂർവ രോഗപരിചരണ പദ്ധതിയായ 'കെയറി'ന്റെ പ്രഖ്യാപനവും തിരുവനന്തപുരം ടാഗോർ തിയറ്റർ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകളുടേയും മൂന്നു നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ നഗര ജനകീയാരോഗ്യകേന്ദ്രം, തുമ്പശേരി നഗര ജനകീയാരോഗ്യകേന്ദ്രം, വൈക്കം നഗരസഭയിലെ ചുള്ളിത്തറ നഗര ജനകീയാരോഗ്യകേന്ദ്രം എന്നിവയുടേയും ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനവുമാണ് നടന്നത്.
നഗരപ്രദേശങ്ങളിലുളളവർക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനായാണ് നിലവിൽ 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇതു കൂടാതെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിയോജകമണ്ഡലങ്ങളിലും ആധുനിക സൗകര്യങ്ങളോടു കൂടിയ 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നു. പകർച്ചവ്യാധികളുടെ പ്രതിരോധത്തിന്  പ്രധാനപ്പെട്ടതാണ് ഐസൊലേഷൻ വാർഡുകൾ. കോവിഡ് കാലത്ത് തയാറാക്കിയ മാതൃകയിലാണ് ഐസൊലേഷൻ വാർഡുകൾ തയാറാക്കിയിട്ടുള്ളത്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 250 കോടി രൂപയാണ് മൊത്തത്തിലുള്ള ചെലവ്. ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡ് നിർമിക്കുന്നതിനായുള്ള ചെലവിന്റെ 50 ശതമാനം കിഫ്ബി വഴിയും 50 ശതമാനം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിക്കുന്നത്.

അപൂർവരോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ പുതിയ ചുവടുവയ്പ്പായി കെയർ പദ്ധതി മാറും.'കേരള യുണൈറ്റഡ് എഗെയ്ൻസ്റ്റ് റെയർ ഡിസീസസ് എന്നതാണ് 'കെയർ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2021 ലെ ദേശീയ അപൂർവരോഗ നയപ്രകാരം ദേശീയതലത്തിൽ 11 കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിലൊന്ന് തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയാണ്. ആശുപത്രിക്കായി കേന്ദ്രത്തിൽ നിന്നു മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പരമാവധി 50 ലക്ഷം രൂപവരെയുള്ള ചികിത്സയാണ് ഒരു രോഗിക്ക് ഈ കേന്ദ്രത്തിലൂടെ നൽകാൻ കഴിയുന്നത്. എന്നാൽ പലർക്കും ഈ തുക മതിയാവാതെ വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ അപൂർവ രോഗി പരിചരണത്തിനായി സമഗ്ര നയരൂപീകരണം നടപ്പാക്കുന്നത്. ഇത്തരം രോഗങ്ങൾ കണ്ടെത്താനും ചികിത്സിക്കാനും ഇതോടൊപ്പം ഗൃഹ കേന്ദ്രീകൃത ചികിത്സ ഉറപ്പ് വരുത്താനും മാതാപിതാക്കൾക്കുള്ള സാമൂഹിക, മാനസിക പിന്തുണയ്ക്കും കൂടിയുള്ള സമഗ്ര പദ്ധതിയാണ് കെയറിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

date