ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി
ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
യോഗത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആറ്റുകാല്‍ ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
കനത്ത ചൂട് നേരിടാന്‍ പ്രത്യേക ക്രമീകരണങ്ങള്‍: മന്ത്രി വി. ശിവന്‍കുട്ടി
കനത്ത ചൂടിനെ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാന്‍ ഭക്തരും ജാഗ്രത പാലിക്കണം. പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ മികച്ചതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Log in to post comments