ഭൂമി തരം മാറ്റം അദാലത്ത്: 5315 ഉത്തരവുകള്‍ കൈമാറി ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ ഓഫീസ്
ജില്ലാ കളക്ടര്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു
ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയുടെ പരിധിയിലുള്ള താലൂക്കുകളിലെ ഭൂമി തരം മാറ്റം അദാലത്തില്‍ കൈമാറിയത് 5315 ഉത്തരവുകള്‍. ആലുവ, കണയന്നൂര്‍, കൊച്ചി, പറവൂര്‍ താലൂക്കുകളില്‍ നിരവധി ആളുകളുടെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കാണ് ഇതോടെ പരിഹാരമായത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ആലുവ യു.സി കോളേജില്‍ നടന്ന അദാലത്തിലാണ് ഉത്തരവുകള്‍ കൈമാറിയത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 20 അപേക്ഷകര്‍ക്ക് കളക്ടര്‍ നേരിട്ട് ഉത്തരവുകള്‍ കൈമാറി. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിന്റെ പരിധിയില്‍ ആകെ 9565 അപേക്ഷകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന 4250 അപേക്ഷകളില്‍ ഉടന്‍ പരിഹാരം കാണും.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും 25 സെന്റില്‍ താഴെ വിസ്തീര്‍ണ്ണം വരുന്നതും, ഫീസ് ആവശ്യമില്ലാത്തതും ആയ ഫോറം 6 അപേക്ഷകളുടെ തീര്‍പ്പാക്കല്‍ അദാലത്ത് ആണ് നടത്തുന്നത്. അപേക്ഷകള്‍ പരിഹരിച്ച് ടോക്കണ്‍ നമ്പര്‍ എസ്.എം.എസ് മെസേജ് ആയി ലഭിച്ചിട്ടുള്ളവര്‍ മാത്രമാണ് അദാലത്തില്‍ ഉത്തരവുകള്‍ കൈമാറിയത്.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആശാ സി. എബ്രഹാം, തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments