Skip to main content

കുഷ്ഠരോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് മാധ്യമ ശില്‍പ്പശാല

 

2030 ഓടെ കുഷ്ഠരോഗം എന്നെന്നേക്കുമായി നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് എറണാകുളം ജില്ലാ ആരോഗ്യവകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചത്. 

വളരെ പൗരാണികമായതും പിടിപെടാന്‍ സാധ്യത കുറഞ്ഞതും പിടിപെട്ടാല്‍ ദീര്‍ഘകാലം ചികിത്സ ആവശ്യമായതുമായ ഒന്നാണ് കുഷ്ഠരോഗം. രോഗത്തെ സംബന്ധിച്ച ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഈ രോഗത്തെ സംബന്ധിച്ച ശാസ്ത്രീയമായ കാര്യങ്ങള്‍ സമൂഹം ശരിയായി അറിഞ്ഞിരിക്കണം. വൈകല്യങ്ങളോടെ ആരംഭിക്കുന്ന ഒരു രോഗമായിട്ടാണ് കുഷ്ഠരോഗത്തെ പലപ്പോഴും സമൂഹം നോക്കികാണുന്നത്. എന്നാല്‍ രോഗം ആരംഭിച്ചു വര്‍ഷങ്ങളോളം ചികിത്സ ആരംഭിക്കാത്ത ആളുകളിലാണ് വൈകല്യങ്ങള്‍ രൂപപ്പെടുന്നത്. മൈക്കോബാക്റ്റീരിയംലപ്രെ എന്ന ബാക്റ്റിരിയല്‍ വിഭാഗത്തില്‍പ്പെട്ട രോഗാണുവാണ് കുഷ്ഠരോഗത്തിന് കാരണം.

കുഷ്ഠരോഗം ഏത് അവസ്ഥയിലും പൂര്‍ണമായി ചികിത്സിച്ച്  ഭേദപ്പെടുത്താനാകും. ഇന്ന് കുഷ്ഠരോഗത്തിന് സൗജന്യമായ ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. കുഷ്ഠരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ രോഗത്തിന്റെ പ്രാരംഭ ദിശയില്‍ത്തന്നെ രോഗം കണ്ടെത്താനും ചികിത്സിക്കാനും കഴിയണം. എങ്കില്‍ മാത്രമേ രോഗപ്പകര്‍ച്ചാ ശൃംഖലമുറിക്കുവാനും രോഗം മൂലം സംഭവിക്കാവുന്ന വൈകല്യങ്ങള്‍ ഒഴിവാക്കുന്നതിനും സാധിക്കുകയുള്ളു.

എതൊരു പ്രവര്‍ത്തനത്തിലും പരിപാടിയിലും ജനകീയപങ്കാളിത്തം അതിന്റെ വിജയത്തിന് പരമപ്രധാനമായ കാര്യമാണ്. ആയതിനാല്‍ സമൂഹത്തിലെ ഓരോ വ്യക്തിയും രോഗത്തെ സംബന്ധിച്ച ശാസ്ത്രീയ അറിവുകള്‍ നേടുകയും തനിക്കും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലും തന്റെ കുടുംബാംഗങ്ങള്‍ക്കിടയിലും ചികിത്സയ്ക്ക് വിധേയമാകുകയും വേണം.

കുഷ്ഠരോഗത്തെപ്പറ്റിയുള്ള സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ ഇനിയും മാറേണ്ടിയിരിക്കുന്നു. ഈ വര്‍ഷത്തെ കുഷ്ഠരോഗദിന സന്ദേശം 'സാമൂഹ്യ അവജ്ഞ ഒഴിവാക്കാം, മാന്യത കൈവരിക്കാം' എന്നാണ്. രോഗബാധിതനായ വ്യക്തി ഒരുതവണ മരുന്ന് കഴിച്ചാല്‍ തന്നെ അയാളില്‍ നിന്നും രോഗം മറ്റൊരാളിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ കഴിയും. 

കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം ദേഹപരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അഥവാ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാക്കുകയും വേണം.

രോഗപ്പകര്‍ച്ച സംഭവിക്കുന്നത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അന്തരീക്ഷം വഴിയാണ്.  ചികിത്സ എടുക്കാത്ത രോഗി തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ രോഗബാധിതനായ  വ്യക്തിയില്‍ നിന്നും രോഗാണുക്കള്‍ പുറത്തുകടക്കുന്നു. സന്ദര്‍ഭവശാല്‍ ഇവയുമായി സമ്പര്‍ക്കപ്പെടുന്നവരിലേക്കു രോഗാണുക്കള്‍ കടക്കുന്നു. ചികിത്സ എടുക്കുന്ന രോഗികളില്‍ നിന്നും രോഗം പകരുകയില്ല.

സമ്പര്‍ക്കത്തിലൂടെ സാധാരണയായി ഈ രോഗം പകരാറില്ല. കുഷ്ഠരോഗത്തിനെതിരെയുള്ള പ്രതിരോധം മറ്റുപകര്‍ച്ചവ്യാധികള്‍പോലെ രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേര്‍ക്കും കുഷ്ഠരോഗം പകരണമെന്നില്ല. രോഗാണുബാധിതനായ വ്യക്തിയുടെ പ്രതിരോധനിലവാരമാണ് ഇതിനുകാരണം. ഉയര്‍ന്ന പ്രതിരോധശേഷിയുള്ള വ്യക്തികള്‍ക്ക് രോഗാണുക്കളെ പൂര്‍ണമായും ചെറുക്കുവാന്‍ സാധിക്കും.

കുഷ്ഠരോഗത്തിനു കുറഞ്ഞ പകര്‍ച്ചശേഷിയാണുള്ളത്. കുഷ്ഠരോഗാണു പ്രവേശിക്കുന്ന 95 ശതമാനം പേര്‍ക്കും ഈ രോഗത്തിനെതിരെ പൂര്‍ണമായ പ്രതിരോധശേഷിയുണ്ട്. അതിനാല്‍ അവര്‍ക്കു രോഗം പിടിപെടുകയില്ല. ശേഷിക്കുന്ന അഞ്ച് ശതമാനം പേര്‍ക്ക് രോഗബാധയുണ്ടായാലും അവരില്‍ 70 ശതമാനം പേര്‍ക്ക് ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകും. അതിനാല്‍തന്നെ രോഗം പകരാനുള്ള സാധ്യത വിരളമാണ്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു ശരാശരി രണ്ടു മുതല്‍ അഞ്ചുവരെ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.

കുഷ്ഠരോഗലക്ഷണങ്ങള്‍ സ്പര്‍ശനശേഷി കുറഞ്ഞതോ പൂര്‍ണമായി നഷ്ടപ്പെട്ടതോ ആയ നിറംമങ്ങിയതോ ചുവപ്പുരാശിയുള്ളതോ ചെമ്പുനിറത്തിലോ ഉള്ളതായ പാടുകള്‍ തടിച്ചതും തിളക്കമുള്ളതും ചുവന്നതുമായ ചര്‍മ്മം. കൈയിലും കാലിലും ഉണ്ടാകുന്ന മരവിപ്പ് , വേദന, ബലക്ഷയം എന്നിവ. 

കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയില്ലാത്ത വ്രണങ്ങളും പൊള്ളലുകളും മുഖത്തും ചെവിക്കുടയിലും ഉണ്ടാകുന്ന വീക്കവും മുഴകളും. ചൂട് തണുപ്പ് എന്നിവ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

വിവിധ ഔഷധ ചികിത്സകളാണ് ഈ രോഗത്തിന് നിലവിലുള്ളത്. രോഗബാധിതനായ  വ്യക്തിക്ക് ഒരു മാസത്തെ മരുന്നുകള്‍ ബ്ലിസ്റ്റെര്‍ കോംബിപാക്കുകള്‍ ആയാണ് നല്‍കുന്നത്. ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി കുഷ്ഠരോഗത്തെ പോസി ബാസിലറി,  മള്‍ട്ടി ബാസിലറി എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.  പോസി ബാസിലറി വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ആറുമാസത്തെയും,  മള്‍ട്ടി ബാസിലറി വിവാഹത്തില്‍ പെട്ട രോഗികള്‍ക്ക് 12 മാസത്തെയും ചികിത്സയാണ് നല്‍കുന്നത്.

കുഷ്ഠരോഗം ഏത് അവസ്ഥയിലും പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. തന്റെ കുടുംബാംഗങ്ങള്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ ഇല്ല എന്ന് ഒരോരുത്തരും ഉറപ്പ് വരുത്തണം. കുഷ്ഠരോഗം നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബാലമിത്ര കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തുന്നതിനുള്ള പരിപാടി സ്‌കൂള്‍, അംഗന്‍വാടി തലങ്ങളില്‍ നിലവില്‍ നടന്നുവരുന്നുണ്ട്. കൂടാതെ 'അശ്വമേധം'എന്ന കുഷ്ഠരോഗ പ്രതിരോധ പ്രവര്‍ത്തന സര്‍വ്വേയും നടക്കുന്നു. നിലവില്‍ 29 രോഗികളാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

date