Skip to main content

ഭൂമി തരം മാറ്റം അദാലത്ത് ഭൂമി തരം മാറ്റി കിട്ടിയ സന്തോഷത്തില്‍ മരട് സ്വദേശികളായ സഹോദരിമാര്‍

 

ഇരുപത് വര്‍ഷത്തോളമായി വീട് വെച്ച് താമസിക്കുന്ന ഭൂമി തരമാറ്റി കിട്ടിയ ആശ്വാസത്തിലാണ് മരട് കളപ്പുരക്കല്‍ വീട്ടില്‍ കെ. കെ സീനയും, കെ. കെ പ്രവതയും. ഫോര്‍ട്ട് കൊച്ചി ആര്‍.ഡി. ഒയുടെ നേതൃത്വത്തില്‍ ആലുവ യുസി കോളേജില്‍ നടന്ന അദാലത്തിലാണ് ഭൂമി  തരം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്.

പാരമ്പര്യമായി അച്ഛനില്‍ നിന്ന് സീനയ്ക്ക്  6 സെന്റ് ഭൂമിയും പ്രവതയ്ക്ക് എട്ട് സെന്റ് ഭൂമിയും ലഭിച്ചിരുന്നു ഇവിടെ വീട് വച്ചാണ് വര്‍ഷങ്ങളായി ഇവരുടെ കുടുംബങ്ങള്‍ താമസിക്കുന്നത്. 2017 ലാണ് ഡേറ്റാ ബാങ്കില്‍ സ്വന്തമായുള്ള ഭൂമി നിലമായി കിടക്കുന്നതായി ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും പരിഹാരം ലഭിച്ചിരുന്നില്ല. ഇതോടെ മക്കളുടെ വിവാഹ ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ലോണ്‍ പോലും കിട്ടാതെ പ്രതിസന്ധിയില്‍ ആയിരുന്നു ഇവരുടെ കുടുംബം.

2022 ല്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷക്കാണ്  ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നടന്ന നവ കേരള സദസ്സിലും ഇവര്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഭൂമി സംബന്ധമായ തടസ്സങ്ങള്‍ നീങ്ങിയ സന്തോഷത്തിലും അത്യാവശ്യഘട്ടങ്ങളില്‍ ഇനി ലോണ്‍ ലഭിക്കുമെന്ന ആശ്വാസത്തിലുമാണ് അദാലത്ത് വേദിയില്‍ നിന്ന് വീട്ടമ്മമാരായ ഈ സഹോദരിമാര്‍ മടങ്ങിയത്.

date