അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി തുടരുന്നു; തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോട്ട് പിടിയിൽ; 7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത മൂന്നു കർണ്ണാടക ബോട്ടുകളുടെ ഉടമകളിൽ നിന്നും ജില്ലാ ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ( കെ.എം.എഫ്.ആർ ആക്ട് ) നടപടി സ്വീകരിച്ചത്. കർണ്ണാടക ബോട്ടുകളായ ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീ രംഗ എന്നീ ബോട്ടുകളാണ് കുമ്പള കടപ്പുറത്തു നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ ബുധനാഴ്ച്ച രാത്രി പിടികൂടിയത്. വരും ദിവസങ്ങളിൽ രാത്രികാല കടൽ പട്രാളിങ്ങ് കർശനമാക്കുമെന്ന്
ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.വി.പ്രീതയുടെ നിർദ്ദേശപ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോർസ്മെന്റ് സി.പി.ഒ അർജ്ജുൻ, ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ നജേഷ് , കോസ്റ്റൽ വാർഡൻ സനൂജ് , തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ രതീഷ്, എസ്. സി.പി.ഒ സുഭാഷ് , കോസ്റ്റൽ വാർഡൻ ദിവീഷ് , കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേക്കൽ എസ്. സി.പി.ഒ സജിത്ത് , എസ്. സി.പി.ഒ പവിത്രൻ ,റസ്ക്യൂ ഗാർഡ്മാരായ മനു ,അജീഷ് , ധനീഷ്, സുകേഷ്, ജോൺ സ്രാങ്ക് നാരായണൻ , വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
- Log in to post comments