Skip to main content

ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത് പ്രത്യേക പരിഗണന ; മന്ത്രി വി.അബ്ദുറഹിമാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

 

 

 

ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ കേരളം മികച്ച മാതൃകയാണെന്ന് ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വേ, പി ആന്റ് ടി വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 

സാമ്പത്തികമായും സാമൂഹികമായും പിന്നോട്ട് പോകുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ കൈ പിടിച്ചുയര്‍ത്തുക എന്നതാണ് വകുപ്പ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് എല്ലായിടത്തും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വലിയതോതില്‍ നടക്കുകയാണ്. സ്വസ്ഥമായി ജീവിക്കുക എന്നതാണ് പ്രധാനം. ജനങ്ങളെ മതത്തിന്റെ പേരില്‍ അക്രമിക്കാന്‍ പാടില്ല. അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വകുപ്പിന്റെ ഇടപെടലുകള്‍ വളരെയധികം പ്രശംസാവഹമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ വകുപ്പിന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.

 

ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക-വിദ്യാഭ്യാസ ഭരണഘടനാപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്നതാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് പറഞ്ഞു. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍, ന്യൂനപക്ഷ നിയമങ്ങള്‍, കേരള നോളെജ് ഇക്കോണമി മിഷന്‍ വഴി ന്യൂനപക്ഷങ്ങള്‍ക്കായി നടപ്പാക്കുന്ന തൊഴില്‍സാധ്യതകള്‍ തുടങ്ങിയവ അവബോധം സൃഷ്ടിക്കുക എന്നതാണ് ഇത്തരം സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നത്. കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് തൊഴില്‍രഹിതരായ ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ ചേര്‍ക്കളം, ജനറല്‍ കണ്‍വീനര്‍ ഫാദര്‍ പീറ്റര്‍ പാറേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസ സ്വാഗതവും സംഘാടക സമിതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.പി.ഗീത നന്ദിയും പറഞ്ഞു. ന്യൂനപക്ഷ സമൂഹവും വിജ്ഞാനതൊഴിലും എന്ന വിഷയത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രോജക്ട് മാനേജര്‍ ഡയാന ക്ലാസെടുത്തു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത് ? എന്തിന് ? എന്നീ വിഷയങ്ങളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസ വിഷയാവതരണം നടത്തി. തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

date