Skip to main content

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയുടെ ഇടപെടല്‍ നിയന്ത്രണത്തോടെയെന്ന് ഉറപ്പ് വരുത്തും: മുഖ്യമന്ത്രി

അറിവും ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍

കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ സാമൂഹ്യ നിയന്ത്രണത്തോടെയുള്ള സ്വകാര്യ മേഖലയുടെ ഇടപെടൽ ഉറപ്പാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയില്‍ പങ്കുവഹിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് വന്നത്. കേരളത്തില്‍ എല്ലാതലങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. 
അത് സ്വകാര്യമേഖല തന്നെയാണ്. നമ്മുടെ നിലവാരം വലിയ തോതില്‍ വര്‍ദ്ധിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം പഠന ബോധന രീതികളും ഗുണമേന്മയില്‍ അധിഷ്ഠിതമാക്കണം. സര്‍വ്വകലാശാലയുടെ മികവ് വര്‍ദ്ധിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മികവിന്റെ 30 കേന്ദ്രങ്ങളാണ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ വികസിത മധ്യരാഷ്ട്രങ്ങളുടെതിന് തുല്യമാക്കി വളര്‍ത്തുകയാണ്  ലക്ഷ്യമാക്കുന്നത്. 

സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലക്കാണ് ഏറ്റവും വലിയ പ്രാമുഖ്യം നല്‍കുന്നത്. തുടര്‍ച്ചയായി പുതിയ അറിവുകള്‍ കരസ്ഥമാക്കി അറിവുകള്‍ ആര്‍ജിക്കുക എന്നത് ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. ഇന്നത്തെ കാലം ലൈഫ് ലോങ് പഠനത്തിന്റെ കാലമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈഫ് ലോങ് ലേണിങ്ങ് സെന്ററായി ഭാവിയില്‍ വന്നേക്കാം. 

അറിവും ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അറിവും ആശങ്കകളും നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ച് വിദ്യാര്‍ത്ഥികള്‍. വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഇടപെടല്‍, സ്വകാര്യ മേഖലയുടെ ഇടപെടലുകള്‍, സാമൂഹിക വിവേചനം, കോളേജുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, തൊഴിലവസരങ്ങള്‍, സംഘടനാസ്വാതന്ത്ര്യം, ഇ ഗ്രാന്റ്, ഗവേഷക സ്‌കോളര്‍ഷിപ്പ്, ലിംഗ സമത്വം, ലൈഗിംക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തൽ, ആരോഗ്യമേഖലയിലെ സിലബസ് പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. 

പിടിഎ യില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം കൂടി ഉള്‍പ്പെടുത്തി പിടിഎസ്എ എന്നാക്കി മാറ്റുക, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക, കോളേജ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കി സ്‌പെഷ്യല്‍ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങി വിവിധ നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ലഭിച്ചു. അറുപതോളം വിദ്യാര്‍ത്ഥികളാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. 

നാല് വര്‍ഷ ബിരുദം; ആശങ്ക വേണ്ട 

കേന്ദ്ര നിര്‍ദേശത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ സവിശേഷതകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് നാല് വര്‍ഷത്തെ ബിരുദ പരിപാടി കേരളത്തില്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാർത്ഥികളോട് വ്യക്തമാക്കി. 
പ്രൊഫ ശ്യാം ബി മേനോന്‍ ചെയര്‍മാനായ ഉന്നതവിദ്യഭ്യാസ പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നാല് വര്‍ഷത്തെ ബിരുദം രൂപകല്‍പന ചെയ്തത്. മൂന്ന് വര്‍ഷം യാന്ത്രികമായി നാല് വര്‍ഷമായി മാറ്റുന്നതല്ല ഉദ്ദേശിക്കുന്നത്. പാഠ്യപദ്ധതി, വിനിമയ രീതി ശാസ്ത്രം, പഠനപ്രക്രിയകള്‍, മൂല്യനിര്‍ണയം ഇവയിലെല്ലാം സമൂലമായ മാറ്റം വരുത്തും. നാല് വര്‍ഷത്തെ ബിരുദം നടപ്പിലാക്കുമ്പോള്‍ നൈപുണിയും അഭിരുചിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവസാന സെമസ്റ്റര്‍ പൂര്‍ണ്ണമായും പ്രോജക്ട് അധിഷ്ടിത പഠനത്തിനും ഇന്റേണ്‍ഷിപ്പിനും അവസരം ഒരുക്കും. പഠനത്തിനൊപ്പം തൊഴില്‍ ചെയ്യാനുള്ള സാഹചര്യമാണ് ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്. സാമൂഹ്യ പ്രതിബന്ധത ഉറപ്പുവരുത്തുന്ന കോഴ്‌സുകള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ പരിഗണിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമര്‍ശനാത്മക ചിന്തയുണര്‍ത്തുന്ന ജനാതിപത്യ ക്ലാസ് മുറികള്‍ എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കിയാണ് ഓരോ സര്‍വകലാശാലയും പാഠ്യപദ്ധതി രൂപീകരിക്കേണ്ടത്. 

ഭാഷയുടെ പ്രാധാന്യം കുറയില്ല 

ഭാഷ, മാനവിക വിഷയങ്ങളുടെ പ്രാധാന്യം കുറയുമോ എന്ന ആശങ്ക ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതനവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഭാഷ, മാനവിക വിഷയങ്ങളുടെ പ്രാധാന്യം വര്‍ധിക്കുകയാണ് ചെയ്യുക.  പ്രായോഗിക പാഠങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. വൈവിധ്യമാര്‍ന്ന ആഡ് ഓണ്‍ കോഴ്‌സുകള്‍ക്ക് സാധ്യതകള്‍ തുറന്നിട്ടു കൊണ്ടാണ് പാഠ്യ പദ്ധതി വിഭാവനം ചെയ്യുന്നത്.

മലയാള ഭാഷയുടെ വൈഞ്ജാനിക പദവി ഉയര്‍ത്തുന്നതിനും സാഹിത്യ സാംസ്‌കാരിക സംഭാവനകളെ നവേത്ഥാന മൂല്യങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വെളിച്ചത്ത് പ്രചരിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയര്‍ ഫ്രീയാക്കും 

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദവും ലിംഗ നീതി അധിഷ്ടിതമാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു കുട്ടിയും സംവിധാനത്തിന്റെ കുറവുകൊണ്ട് പഠനത്തില്‍ നിന്ന് പിന്‍തള്ളപ്പെടാന്‍ പാടില്ല എന്നതാണ് ലക്ഷ്യം. അതിനാല്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാരിയര്‍ ഫ്രീയായി മാറേണ്ടതുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ അത്തരത്തിലുള്ളതാണ്. കാഴ്ച പരിമിതി അഭിമുഖീകരിക്കുന്നവര്‍ക്കായി ടോക്കിംഗ് ബുക്ക് ലൈബ്രറികള്‍, ഓഡിയോ ടെക്‌സ്റ്റുകള്‍, സ്‌ക്രീന്‍ റീഡറുകള്‍ മുതലായ സൗകര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക പരിശീലന കോഴ്‌സുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. ലൈബ്രറികളും ലബോറട്ടറികളും എല്ലാവര്‍ക്കും പ്രയോജനകരമാകും വിധം ഭിന്നശേഷി സൗഹൃമാക്കി മാറ്റും. കാഴ്ചപരിമിയുള്ള വിദ്യാര്‍ത്ഥിനി ആര്യ പ്രകാശിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തും

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, സാമൂഹ്യമായും സാമ്പത്തികമായും പിന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ എന്നിവരുടെയെല്ലാം വിദ്യാഭ്യാസ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധിയായ നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. ട്രാന്‍സജെന്‍ഡര്‍ വ്യക്തികളുടെ കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ട സംസ്ഥാനമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് രണ്ട് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യമണ്ഡലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ബോധവത്കരണം ആവശ്യമാണെന്നും, പഠിക്കുന്ന ക്യാമ്പസുകളില്‍ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിക്കുകയും സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. 

തൊഴില്‍ ദാതാക്കളായ വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കും

തൊഴിലാളികളെ സൃഷ്ടിക്കുക മറിച്ച്, തൊഴില്‍ ദാതാക്കളായ വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കും. വ്യത്യസ്ത വ്യവസായ സംരംഭങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കും. ഇത് നടപ്പിലാക്കുന്നതിന് പഠന സമയം ക്രമീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു പഠനം നടക്കുകയാണ്. പഠന ശേഷമുള്ള റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കപ്പെയേണ്ട ആവശ്യമില്ല. രാജ്യത്തുനിന്ന് വിദേശത്തേക്ക് പഠനത്തിന് പോകുന്നവരില്‍ നാല് ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. 

ഏകീകൃത അക്കാദമിക കലണ്ടര്‍ വികസിപ്പിക്കും

കേരളത്തിലെ മുഴുവന്‍ കലാലയങ്ങള്‍ക്കുമായി ഏകീകൃത അക്കാദമിക കലണ്ടര്‍ വികസിപ്പിക്കും. ഇതിലൂടെ പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫല പ്രഖ്യാപനം എന്നിവയിലെല്ലാമുണ്ടായേക്കാവുന്ന കാലതാമസം ഒഴിവാക്കാന്‍ സാധിക്കും, മുഖ്യമന്ത്രി മറുപടി പറഞ്ഞു.

date