ജല സംരക്ഷണം; ജില്ലയില്‍ മാപ്പത്തോണ്‍ അവതരണം ആരംഭിച്ചു
മാപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും
നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കബനിക്കായ് വയനാട്, സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മാപ്പത്തോണ്‍ അവതരണം ആരംഭിച്ചു. നിലവില്‍ പുല്‍പള്ളി, പൂതാടി, പനമരം, വൈത്തിരി പൊഴുതന ഗ്രാമ പഞ്ചായത്തുകളിലാണ് അവതരണം പൂര്‍ത്തിയായത്. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ അവതരണം പുരോഗമിക്കുകയാണ്. നവ കേരളം മിഷന്‍ കര്‍മ്മ പദ്ധതി റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലാണ് അവതരണം നടത്തുന്നത്. മാപ്പ് ചെയ്ത നീര്‍ച്ചാലുകളുടെ പ്രാദേശിക പേരുകളിലെ മാറ്റങ്ങള്‍ അവതരണ സമയത്ത് വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ തിരുത്തി അന്തിമമാക്കും. മാപ്പത്തോണ്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയിലെ 26 തദ്ദേശ സ്ഥാപങ്ങളിലായി 1271 തോടുകള്‍ അടയാളപ്പെടുത്തി പേര് നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ തോട്, നീര്‍ച്ചാല്‍ എന്നിവ കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്(ഒ.എസ്.എം ട്രാക്കര്‍) മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ നേരിട്ട് നിര്‍ച്ചാലുകള്‍ കണ്ടെത്തി തോടുകള്‍ 'ആം ചെയര്‍ മാപ്പിംഗ്' സംവിധാനത്തിലൂടെ ഡിജിറ്റലായി വരച്ചാണ് മാപ്പിങ് പൂര്‍ത്തീകരിച്ചത്. 26 തദ്ദേശ സ്ഥാപനങ്ങളിലും നടത്തിയ മാപ്പിങ് പ്രവര്‍ത്തങ്ങള്‍ കേരള ഐ.ടി മിഷന്‍ പരിശോധിച്ച് അംഗീകാരം നല്‍കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നീര്‍ച്ചാലുകളുടെയും സമഗ്ര മാപ്പ് എന്ന ആശയം മാപ്പത്തോണ്‍ മുഖേന സാധ്യമായിട്ടുണ്ട്. മാപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും. അടയാളപ്പെടുത്തിയ തോടുകളുടെയും നീര്‍ച്ചാലുകളുടേയും അവതരണം അതത് തദ്ദേശസ്ഥാപനങ്ങളില്‍ നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജലസംരക്ഷണ മേഖലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനം, ജനകീയ പങ്കാളിത്തോടെ കൃത്യമായ ആസൂത്രണ-നിര്‍വഹണം നടത്താനും പ്രദേശത്തെ തോടുകളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷനും സാധ്യമാകും.
- Log in to post comments