Skip to main content

യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന ' പ്രചരണ പരിപാടി ഇന്ന് (ഫെബ്രുവരി 18) ഹരിതകര്‍മ്മസേനയെ അടുത്തറിയാന്‍ യുവാക്കള്‍ക്ക് അവസരവുമായി മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍

മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിതകര്‍മ്മസേനയുടെ ഇടപെടലും അതുവഴി സമൂഹത്തിന് നല്‍കുന്ന സംഭാവനകളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്ക്കരണ പരിപാടിയുമായി ശുചിത്വ മിഷന്‍. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ 100 യുവജന പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് 'യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന' എന്ന പ്രചരണ പരിപാടി ഇന്ന് (ഫെബ്രുവരി 18) രാവിലെ 9.30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കും. സുസ്ഥിര ജീവിത രീതികള്‍ക്കായി മാതൃകാപരമായ മാലിന്യ സംസ്‌ക്കരണ രീതികളെ കുറിച്ച് ബോധവത്ക്കരണം, ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുന്ന ബഹുജന പിന്തുണ വര്‍ദ്ധിപ്പിക്കല്‍, ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കല്‍, മാലിന്യമുക്ത നവകേരളത്തിനായ് യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയില്‍ നിന്നും 100 യുവ പ്രതിനിധികളും 25 ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സംസ്ഥാന വ്യാപകമായി 1400 യുവാക്കളും 350 ഹരിതകര്‍മ്മസേന അംഗങ്ങളും പങ്കെടുക്കും.
ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ആശയ വിനിമയം നടത്തും. യൂസര്‍ ഫീ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹരിതകര്‍മ്മസേന സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കാന്‍ സാധിക്കും. മാലിന്യം തരംതിരിക്കലിന്റെ തത്സമയ പ്രദര്‍ശനം നടത്തുകയും യുവാക്കളെ അത് ചെയ്യാന്‍ പരിശീലനം നല്‍കുകയും ചെയ്യും. ഹരിതകര്‍മ്മസേനയുടെ 'മാറ്റം' ഗാനാലാപനവും സാധ്യമായ ഇടങ്ങളില്‍ ഫ്‌ളാഷ്‌മോബും സംഘടിപ്പിക്കും. ഹരിതകര്‍മ്മസേനയ്ക്ക് മികച്ച ബ്രാന്‍ഡിംഗ് ലഭിക്കുവാനും സുസ്ഥിര മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയിലേക്ക് കൂടുതല്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

date