Skip to main content

നല്ല നാളെയ്ക്കായി ഇന്നിന്റെ കരുതല്‍ ; ശ്രദ്ധേയമായി സെമിനാര്‍

ഭാവിതലമുറയ്ക്ക് മികച്ച ജീവിതസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് സുസ്ഥിരവികസനത്തില്‍കേന്ദ്രീകൃതമായ പദ്ധതികളുടെ ആവശ്യകത വ്യക്തമാക്കി തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍. കൊട്ടാരക്കര ജൂബിലി മന്ദിരം ഓഡിറ്റോറിയത്തില്‍ 'സുസ്ഥിര വികസനവും പ്രാദേശിക സര്‍ക്കാരുകളും' വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സുസ്ഥിരവികസന ലക്ഷ്യമുള്ള വിവിധപദ്ധതികളാണ് നവകേരളകര്‍മ്മ പദ്ധതിയിലൂടെ സര്‍ക്കാര്‍ വിഭാവനംചെയ്യുന്നത്. നഗരവല്‍ക്കരണപ്രക്രിയ വര്‍ദ്ധിച്ചുവരുമ്പോഴും പ്രകൃതിയുടെ തനത്‌സമ്പത്തുകളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരാണ്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള 17ഇനപദ്ധതികള്‍ നടപ്പിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് സെമിനാര്‍ ഓര്‍മ്മപ്പെടുത്തി. സുസ്ഥിരവികസനം ലക്ഷ്യമിട്ടുള്ള ബൃഹത്പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. ഭൗതികസാഹചര്യവികസനതോടൊപ്പം പ്രകൃതിസംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കണമെന്ന് സെമിനാര്‍ വ്യക്തമാക്കി. അത്തരത്തിലുള്ള വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഓരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ മോഡറേറ്ററായി. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി. അലക്‌സ് വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേമ്പര്‍ സെക്രട്ടറി ഡി സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date