കുംഭ വിത്ത് മേള ഇന്ന് തുടങ്ങും
*മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിക്കും
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കിസാന്‍ മേള ഈ വര്‍ഷം കുംഭ വിത്ത് മേളയായി സംഘടിപ്പിക്കുന്നു. മേളയുടെ ബ്ലോക്ക്തല ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ കമല ഹാളില്‍ ഇന്ന് (ഫെബ്രുവരി 20 ന്) രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കും. ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. വി.ആര് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.കെ ഡേവിസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മേളയില്‍ കാര്‍ഷികമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് ജേതാക്കളായ ശ്യാം മോഹന്‍, വിനോദ് ഇടവന എന്നിവരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, മണ്ണ് പരിശോധന ക്യാമ്പയിന് എന്നിവയും നടത്തും.
വെള്ളാങ്കല്ലൂര്‍ കമലഹാളില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ നടക്കുന്ന മേളയില്‍ കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെയും വിവിധ സ്റ്റാളുകള്‍, ഐസിഎആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് എന്ന സ്ഥാപനവും രജിസ്റ്റേര്‍ഡ് കര്‍ഷകരും ചേര്‍ന്ന് ഒരുക്കുന്ന സ്റ്റാളുകള്‍, വിവിധ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍, സെമിനാറുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും.
- Log in to post comments