ഇരിങ്ങാലക്കുട ഷീ ലോഡ്ജ് മന്ത്രി ഡോ. ആര്‍. ബിന്ദു ഇന്ന് (ഫെബ്രു. 20) ഉദ്ഘാടനം ചെയ്യും
ഇരിങ്ങാലക്കുട നഗരസഭയുടെ ഹൃദയ ഭാഗത്ത് മുനിസിപ്പല്‍ ഓഫീസിന് സമീപത്ത് ഷീ ലോഡ്ജ് ഒരുങ്ങുന്നു. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയാണ് നഗരസഭ. ഷീ ലോഡ്ജിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20) രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.പി. ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയാകും. ഇരിങ്ങാലക്കുടയിലെ സാമൂഹ്യരാഷ്ട്രീയതലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
ഷീ ലോഡ്ജ് കെട്ടിടത്തില്‍ 2 നിലകളിലായി അറ്റാച്ച്ഡ് ബാത്ത്‌റും സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 3 കിടക്കകളുള്ള 2 റൂമുകളും, രണ്ട് കിടക്കകളുള്ള 18 റൂമുകളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിംഗ് ഹാള്‍, റീഡിംഗ് റൂം, വെയ്റ്റിംഗ് റൂം, പാര്‍ക്കിംഗ് എന്നി സൗകര്യങ്ങളും ഈ ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.
- Log in to post comments