പശ്ചിമതീര കനാൽ നവീകരണം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 20)
സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ കോവളം - ബേക്കൽ ജലപാത വികസനത്തിന്റെ ഭാഗമായി 325 കോടി രൂപ ചെലവിട്ടു നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഫെബ്രുവരി 20) നിർവഹിക്കും. 21 കോടി രൂപ ചെലവിൽ നിർമ്മിച്ച രണ്ടു പാലങ്ങൾ (കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, വടകരയിലെ വെങ്ങോളി), 4 ബോട്ട് ജെട്ടികൾ (കഠിനംകുളം - വർക്കല റീച്ച്), 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിൽ കനാൽ ബ്രിഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം - തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവൽക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, 247 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലയിൽ പുനരധിവാസ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുക.
കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിസ്ബി, കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്. തിരുവനന്തപുരം കരിക്കകത്ത് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷൻ ആകും. മന്ത്രിമാരായ വി. ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, ജി. ആർ അനിൽ, ശശി തരൂർ എംപി, എംഎൽഎമാരായ വി. ജോയ് വി. ശശി, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments