പഞ്ചായത്തുകളില്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുക്കി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് അങ്കണവാടികളുടെ ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. രജിത നിര്‍വഹിച്ചു. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, പെരുമ്പളം, പാണാവള്ളി പഞ്ചായത്തുകളിലായി അഞ്ച് അങ്കണാവാടികളാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. 8.53 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
പൂര്‍ണ്ണമായും ശിശു സൗഹൃദ രീതിയില്‍ നിര്‍മിച്ച അങ്കണവാടികളില്‍ മനോഹരമായ ചുവര്‍ ചിത്രങ്ങള്‍, വിവിധ കളി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, സൗണ്ട് സിസ്റ്റം, ഫസ്റ്റ് എയ്ഡ് ബോക്‌സ്, വിശാലമായ കളിസ്ഥലം, ശുദ്ധജല ലഭ്യതയ്ക്ക് വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പാണാവള്ളി ഗ്രാമപഞ്ചായത്ത് എട്ടാംവാര്‍ഡ് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണീ രമണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ സജീവ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ബിജു, ജനാര്‍ദ്ദനന്‍, രാജേഷ് വിവേകാനന്ദ, ബ്ലോക്ക് ഡിവിഷന്‍ അംഗം ഉദയമ്മ ഷാജി, പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ധനേഷ് കുമാര്‍, പഞ്ചായത്തംഗം ലീന ബാബു, തൈക്കാട്ടുശ്ശേരി സി.ഡി.പി.ഒ. സോയ സദാനന്ദന്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments