നൈപുണി വികസന കേന്ദ്രം ജില്ലാതല ഉദ്ഘാടനം നാളെ മന്ത്രി പി. പ്രസാദ് നിർവഹിക്കും
ആലപ്പുഴ: സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഒരുക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ (19) നിർവഹിക്കും. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലയിലെ സെൻ്റർ പ്രവർത്തിക്കുക. വൈകുന്നേരം 4.30 -ന് ഇവിടെ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ.എച്ച്.എസ്.എസ്. കമലേശ്വരത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഓരോ സെൻ്റർ വീതമാണ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളെ തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നൈപുണീ വികസന സെൻററുകൾ ആരംഭിക്കുന്നത്. അമ്പലപ്പുഴയിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഫുഡ് ആൻ്റ് ബിവറിജ് സർവ്വീസ് അസോസിയേറ്റ്സ് എന്നീ രണ്ടു കോഴ്സുകളാണുള്ളത്. 25 വീതം സീറ്റുകളിൽ ആകെ 50 പേർക്കാണ് സൗജന്യ പ്രവേശനം. ആറ് മാസമാണ് കോഴ്സ് കാലാവധി.
- Log in to post comments