കേരളത്തിലെ കലാലയങ്ങൾ ലഹരി വിരുദ്ധതയ്ക്ക് മാതൃക : മന്ത്രി പി എ മുഹമ്മദ് റിയാസ്
'ഉയിർപ്പ്' ലഹരി വിരുദ്ധ കലാജാഥക്ക് ജില്ലയിൽ തുടക്കം
കേരളത്തിലെ കലാലയങ്ങൾ ലഹരി വിരുദ്ധതയ്ക്ക് മാതൃകയാണെന്നും ലഹരിക്കെതിരെ ക്രിയാത്മകവും ജനാധിപത്യപരമായും വിദ്യാർത്ഥികളെ അണിനിരത്താൻ വിദ്യാർത്ഥി സംഘടനകൾ തയ്യാറാണെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലഹരി വിരുദ്ധ കലാജാഥയായ ഉയിർപ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കലാലയങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ കലാലയങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാവാത്തത് ഇവിടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നതിനാലാണെന്നും മന്ത്രി പറഞ്ഞു. പൊതു ഇടങ്ങളുടെ കുറവ് ലഹരി ഉപയോഗത്തിന്റെ വർധനവിന് കാരണമാകുന്നുണ്ട്. കൂട്ടായ്മകളെ സജീവമാക്കി ഇത്തരം പൊതു ഇടങ്ങൾ വർധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ അവളിടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ലഹരി മുക്ത ക്യാമ്പസിനായി ലഹരി വിരുദ്ധ കലാജാഥയായ ഉയിർപ്പ് സംഘടിപ്പിക്കുന്നത്. കലാജാഥ ഫെബ്രുവരി 21 വരെ ജില്ലയിൽ പര്യടനം നടത്തും.
മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സി രേഖ, കൗൺസിലർ അൽഫോൺസ, യുവജന കമ്മീഷൻ അംഗം പി സി ഷൈജു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം എൽ ജി ലിജീഷ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ (നാർക്കോട്ടിക് സെൽ) ഇ ആർ ഗിരീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ, കോർപ്പറേഷൻ യൂത്ത് കോർഡിനേറ്റർ സിനാൻ ഉമ്മർ, കോളേജ് പ്രിൻസിപ്പൽ സച്ചിൻ സി ജെയിംസ്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ വി സ്‌നേഹ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത് കോർഡിനേറ്റർ ടി കെ സുമേഷ് സ്വാഗതവും അവളിടം ജില്ലാ കോർഡിനേറ്റർ കെ എം നിനു നന്ദിയും പറഞ്ഞു.
- Log in to post comments