ജില്ലാ സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
യുവാക്കളില്‍ 'പുതുതലമുറ' നൈപുണികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ള 14 സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററുകളില്‍ ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ തൊടുപുഴ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പത്താംക്ലാസ്സ് കഴിഞ്ഞ് പഠനം നിലച്ചുപോയവര്‍ക്കും ഹയര്‍ സെക്കന്‍ഡറിക്ക് നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 23 വയസ്സില്‍ താഴെയായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃതമുള്ള പ്രായപരിധിയില്‍ ഇളവുണ്ടാവും.
ഡ്രോണ്‍ സര്‍വീസ് ടെക്നീഷ്യന്‍, ഫിറ്റ്നസ് ട്രെയിനര്‍ എന്നീ കോഴ്സുകളാണ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് ഒന്നു മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. 25 കുട്ടികള്‍ക്ക് വീതമാണ് ഓരോ ബാച്ചിലും പ്രവേശനം നല്‍കുന്നത്. വിജയകരമായി കോഴ്സ് പൂര്‍ത്തീയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. സമഗ്രശിക്ഷാ കേരളം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കില്‍ സെന്ററുകള്‍ ആംഭിച്ചിരിക്കുന്നത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍ നായര്‍, കൗണ്‍സിലര്‍ മൂഹമ്മദ് അഫ്സല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിതാ രാജം വര്‍ഗീസ്, തൊടുപുഴ ബി.പി.സി എം.ആര്‍ അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍ എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് ഫാസില്‍, എം.പി.റ്റി.എ പ്രസിഡന്റ് ജൂബി ജീവന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments