Skip to main content

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘടനം അഭിമാനകരമായ നിമിഷമാണെന്ന് മന്ത്രി പറഞ്ഞു. പൈനാവില്‍ വാട്ടര്‍ അതോറിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസും പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസും പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകും. ത്രിതല പഞ്ചായത്തുകളില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നുണ്ട്. നമുക്ക് ലഭിക്കുന്ന ജലം കൃത്യമായി പ്രയോജനപെടുത്താന്‍ സാധിക്കണം. അതിന് ശരിയായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 17 ലക്ഷം കുടുംബങ്ങള്‍ക്കാണ് വീടുകളില്‍ ശുദ്ധജലം എത്തിയിരുന്നത്. ഇപ്പോള്‍ 18 ലക്ഷം പുതിയ കണക്ഷന്‍ കൂടി കൊടുക്കാന്‍ സാധിച്ചു.

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെ. സി അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയര്‍ പ്രദീപ് വി. കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2025 ല്‍ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ 2488 കുടിവെള്ള കണക്ഷനുകളാണ് നല്‍കുക. പ്രവര്‍ത്തനങ്ങള്‍ക്ക് 24.1 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര പദ്ധതിയില്‍ നിന്നാണ് ഈ പഞ്ചായത്തില്‍ കുടിവെള്ളം വിതരണം വിഭാവനം ചെയ്തിരിക്കുന്നത്. പെരിയാര്‍ നദിയിലെ തോണിത്തടിയില്‍ സ്ഥാപിച്ച ആറു മീറ്റര്‍ വ്യാസമുള്ള കിണറാണ് പദ്ധതിയുടെ സ്രോതസ്സ്.
കട്ടപ്പന അയ്യപ്പന്‍കോവില്‍ പദ്ധതിയുടെ ഭാഗമായി ആലടി കുരിശുമലയില്‍ നിലവിലുള്ള 7 എം. എല്‍. ഡി ശുദ്ധീകരണ ശാലയില്‍ സ്ഥിതിചെയ്യുന്ന പമ്പ് ഹൗസില്‍ നിന്നും നിലവിലെ കല്‍ത്തൊട്ടി, മേപ്പാറ, ലബ്ബക്കട എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ജലസംഭരണികളില്‍ എത്തിക്കുകയും ഈ സംഭരണികളില്‍ നിന്നുമുള്ള വിതരണ ശൃംഖല വഴി വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതുമാണ് പദ്ധതി. പഞ്ചായത്തില്‍ വ്യാസം കൂടിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025-ഓടുകൂടി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കാഞ്ചിയാര്‍ പഞ്ചായത്തിലെ ഗ്രാമീണ ഭവനങ്ങളില്‍ നൂറ് ശതമാനത്തിലും കുടിവെള്ളമെത്തിക്കാന്‍ കഴിയും.

പരിപാടിയില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ്, കാഞ്ചിയാര്‍ പഞ്ചായത്തിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ രാജലക്ഷ്മി ആര്‍, ബിജു കപ്പലുമാക്കല്‍, ബിന്ദു മധുക്കുട്ടന്‍, തങ്കമണി സുരേന്ദ്രന്‍, തുടങ്ങി ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date