ഒന്നര വര്‍ഷം കൊണ്ട് എല്ലാ മേഖലകളിലും ജലലഭ്യത ഉറപ്പുവരുത്തും: മന്ത്രി റോഷി അഗസ്റ്റിന്‍
* പൈനാവില്‍ ജല അതോറിറ്റിക്ക് പുതിയ സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകള്‍
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സമഗ്രമാണെന്നും ഒന്നര വര്‍ഷം കൊണ്ട് എല്ലാ മേഖലകളിലും ജലലഭ്യത ഉറപ്പുവരുത്തുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ജലവിതരണ പരിപാലനം, പദ്ധതി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, നടത്തിപ്പ് എന്നിവയുടെ ഏകോപനത്തിനായി ജില്ലാ ആസ്ഥാനമായ പൈനാവില്‍ ആരംഭിച്ച ജല അതോറിറ്റിയുടെ പുതിയ സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗ്രാമീണഭവനങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനുള്ള ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വസമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കിള്‍, ഡിവിഷന്‍ ഓഫീസുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയ കട്ടപ്പന പ്രോജക്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍. എം നെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ കീഴില്‍ പബ്ലിക് ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസും കുടിവെള്ള വിതരണ പരിപാലന പ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴില്‍ ഒരു ഡിവിഷന്‍ ഓഫീസുമാണ് ആരംഭിച്ചിട്ടുള്ളത്. ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല നിയമസഭാ നിയോജകമണ്ഡലങ്ങള്‍ക്ക് കീഴിലെ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഹെല്‍ത്ത് സബ് ഡിവിഷനും പീരുമേട് പബ്ലിക് ഹെല്‍ത്ത് സബ് ഡിവിഷനും ഉള്‍പ്പെടുന്നതാണ് പൈനാവില്‍ പുതുതായി ആരംഭിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസ്. പൈനാവിലെ ബി.എസ്.എന്‍.എല്‍ കെട്ടിടത്തിലെ രണ്ടും മൂന്നും നിലകളിലായാണ് പുതിയ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു അധ്യക്ഷത വഹിച്ചു. എം എം മണി എം എല്‍ എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments