മത്സ്യ സഹകരണ സംഘങ്ങളിലെ ശമ്പള പരിഷ്‌കരണം ഉത്തരവായി; ശമ്പള പരിഷ്‌കരണത്തിന് മുന്‍കാല പ്രാബല്യം
സംസ്ഥാനത്തെ പ്രാഥമിക മത്സ്യസഹകരണ സംഘങ്ങളിലെ അംഗീകൃത ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. കഴിഞ്ഞ മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നു. പുതുക്കിയ ശമ്പളത്തിന് 2019 ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2006 ലാണ് പ്രാഥമിക മത്സ്യസഹകരണ സംഘങ്ങളില്‍ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഫിഷറീസ് ഡയറക്ടര്‍ ചെയര്‍മാനായ ശമ്പള പരിഷ്‌കരണ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്. ദിവസവേതന/കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് ശമ്പളപരിഷ്കരണം ബാധകമല്ല.
വിവിധ അലവന്‍സുകളില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇന്‍ക്രിമെന്റുകള്‍ നേരത്തെയുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായി കാലതാമസമില്ലാതെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2019 ഏപ്രിലിനു ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ പുതുക്കിയ സ്‌കെയിലില്‍ സര്‍വീസില്‍ പ്രവേശിച്ചതായി കണക്കാക്കും. 2,550 രൂപയില്‍ തുടങ്ങി 11,685 ല്‍ അവസാനിച്ചിരുന്ന മാസ്റ്റര്‍ സ്‌കെയില്‍ പരിഷ്‌കരണത്തിന് ശേഷം 9,480 രൂപയില്‍ തുടങ്ങി 43,660 രൂപയിലായിരിക്കും അവസാനിക്കുക.
പുതുക്കിയ സ്കെയിലിലെ ക്ഷാമബത്ത എകീകരിക്കുന്നതിലേക്കായി 57% ക്ഷാമബത്ത പുതുക്കിയ സ്കെയിലില്‍ നിലനിര്‍ത്തിക്കൊണ്ട് പ്രീ റിവൈസ്ഡ് സ്കെയിലില്‍ ആകെയുള്ള 295% ക്ഷാമബത്തയില്‍ ബാക്കിയുള്ള 238% ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടാണ് പുതുക്കിയ സ്കെയില്‍ രൂപീകരിച്ചത്. ജീവനക്കാര്‍ക്ക് 2006 മുതല്‍ ശമ്പളപരിഷ്കരണം ലഭിക്കാത്തതിനാല്‍ 10% ഫിറ്റ്മെന്റ് ബെനിഫിറ്റ് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയെ തുകയെ അടിസ്ഥാനപ്പെടുത്തി അനുവദിക്കും. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തില്‍ ഓപ്ഷന്‍ അനുവദിച്ചിട്ടില്ല.
- Log in to post comments