അരുവിക്കര മണ്ഡലത്തിലെ നവീകരിച്ച റോഡുകൾ തുറന്നു
അരുവിക്കര മണ്ഡലത്തിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡിന്റെയും ചെരുപ്പാണി- ആലുംകുഴി- കുടുക്കാക്കുന്ന് റോഡിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു . ഗതാഗത സൗകര്യമാണ് ഒരു നാടിന്റെ വികസന മുഖമുദ്രയെന്ന് എം. എൽ. എ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വാഹന ഉടമകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റോഡ് നവീകരണം മുൻഗണനയായി സർക്കാർ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു .
തുരുത്തി വാർഡിലെ പ്ലാന്തോട്ടം-കുമിളിക്കുന്ന് റോഡ് നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.20 ലക്ഷം രൂപയും ചെരുപ്പാണി- ആലുംകുഴി- കുടുക്കാക്കുന്ന് റോഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയും അനുവദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ കൂടി വകയിരുത്തിയാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
കണ്ണങ്കര മൈത്രി ജംഗ്ഷനിലും ചെരുപ്പാണിയിലുമായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജെ സുരേഷ് അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
- Log in to post comments