Skip to main content

തൊഴിലുറപ്പ് പദ്ധതിയെ കളിയാക്കിയവർക്കുള്ള മറുപടിയാണ് പനയമുട്ടം - വാഴമല സെറ്റിൽമെന്റ് കോളനി റോഡ്: മന്ത്രി കെ രാധാകൃഷ്ണൻ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പല രീതിയിലും അവഹേളിച്ചവർക്കുള്ള മറുപടിയാണ് പനയമുട്ടം - വാഴമല സെറ്റിൽമെന്റ് കോളനി കോൺക്രീറ്റ് റോഡെന്ന് പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പനവൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം പനയമുട്ടം വാര്‍ഡിലെ പട്ടിക വര്‍ഗ ഗ്രാമമായ വാഴമലയിലേക്ക് 27 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ റോഡ് പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സഹായിക്കും. റോഡുകൾ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് പോലെ മനുഷ്യരുടെ മനസുകളും പരസ്പരം അടുക്കണമെന്നും മന്ത്രി പറഞ്ഞു.

പനയമുട്ടം വനമേഖലയിൽ താമസിക്കുന്ന ഇരുപത്തി ഏഴോളം കുടുംബങ്ങൾക്ക് വേണ്ടിയാണ് കാൽനട യാത്ര പോലും ദുഷ്കരമായിരുന്ന പാത കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. ആദിവാസികളായ നാട്ടുകാരുടെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് 42 ദിവസം കൊണ്ട് റോഡ് നിർമാണം സാധ്യമാക്കിയത്.

വാഴമലയിൽ നടന്ന ചടങ്ങില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു.  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അംബിളി, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, വൈസ് പ്രസിഡന്റ് പി.എം സുനിൽ , ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

date