Skip to main content

2024 പട്ടയമേള ഫെബ്രുവരി 22 ന്: സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും; ജില്ലയില്‍ 173 പട്ടയങ്ങള്‍ വിതരണം ചെയ്യും

ആലപ്പുഴ: ജില്ല പട്ടയമേള 2024 (ഫെബ്രുവരി 22) ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്യും. പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നു മണിക്ക് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. മൂന്നാം പട്ടയമേളയ്ക്ക് ശേഷം സജ്ജമായ മുപ്പതിനായിരത്തോളം പട്ടയങ്ങള്‍ വിവിധ ജില്ല കേന്ദ്രങ്ങളിലായി വിതരണം ചെയ്യും.

ആലപ്പുഴയില്‍ 173 പട്ടയങ്ങള്‍ വിതരണം ചെയ്യും. അരൂര്‍ 23, ചേര്‍ത്തല 21, ആലപ്പുഴ 18, അമ്പലപ്പുഴ 20, കുട്ടനാട് 34, ഹരിപ്പാട് 28, മാവേലിക്കര 11, കായംകുളം 11, ചെങ്ങന്നൂര്‍ ഏഴ് എന്നിങ്ങനെ പട്ടയങ്ങയാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ദലീമ ജോജോ, തോമസ് കെ. തോമസ്, രമേശ് ചെന്നിത്തല, യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടര വര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങളാണ് റവന്യൂ വകുപ്പ് വിതരണം ചെയ്തത്. 'എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തിലെത്താനാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.  

date